വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ വേറിട്ടൊരു മുഖവുമായി മേലടി മാപ്പിള എൽ.പി. സ്കൂൾ
പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലെത്തിച്ചാണ് വേറിട്ട പഠനാനുഭവം നൽകിയത്

പയ്യോളി: ക്ലാസ് മുറികൾക്കപ്പുറം ചുറ്റിലുമുള്ള സംവിധാനങ്ങൾ മനസ്സിലാക്കാനും, പഠിക്കാനും, അതുവഴി ജീവിതത്തിൽ കരുത്ത് നേടാനും വഴിയൊരുക്കുകയാണ് മേലടി മാപ്പിള എല്‍.പി. സ്കൂൾ. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെ പോലീസ് സ്റ്റേഷൻ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിൽ കൊണ്ടു പോവുകയാണ് ആദ്യഘട്ടം എന്ന നിലയിൽ ചെയ്തത്.
ഇൻസ്പെക്ടർ സുഭാഷ് ബാബു കുട്ടികൾക്ക് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. ലോക്കപ്പ്, കൺട്രോൾ റൂം, വിവിധതരം തോക്കുകൾ, ഇവ കണ്ടു മനസ്സിലാക്കാനും, അവയുടെ പ്രവർത്തനങ്ങൾ നെഞ്ചേറ്റാനും കുട്ടികൾക്ക് സാധിച്ചു. കുറ്റവാളികളെ കണ്ടെത്തുന്ന ഡോഗ് സ്കോഡിന്റെ പ്രവർത്തനങ്ങൾ കുട്ടികളെ വിസ്മയിപ്പിച്ചു.
രണ്ടാം ഘട്ടം പോസ്റ്റ് ഓഫീസ് സന്ദർശനമായിരുന്നു. കൂട്ടുകാർക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു കൊണ്ടാണ് പോസ്റ്റ് ഓഫീസ് പ്രവർത്തനം മനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് വഴിയൊരുങ്ങിയത്. അധ്യാപകരായ ഷമീർ എം., നിമിഷം ടി.വി. എന്നിവർ നേതൃത്വം നൽകി.