അഞ്ചു വര്‍ഷം കഴിഞ്ഞ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ സ്ഥലം മാറ്റും
ഹോം സ്‌റ്റേഷനില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തു വരുന്ന വരെ മുന്‍ഗണയ്ക്ക് പരിഗണിക്കില്ല

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്കായുള്ള സ്ഥലം മാറ്റ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഇതിനായുള്ള കരട് ബില്ല് പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്വന്തം ജില്ലയില്‍ അഞ്ചുവര്‍ഷം പൂര്‍ത്തീകരിച്ച അധ്യാപകന്റെ ഔട്ട് സ്‌റ്റേഷന്‍ സര്‍വീസ് രണ്ടു വര്‍ഷത്തേക്ക് പരിഗണിക്കില്ല. രണ്ടു വര്‍ഷത്തിനു ശേഷം ആ കാലയളവ് പുനഃസ്ഥാപിക്കും. നിലവിലുള്ള മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന് കോടതിയുടെ നിര്‍ദേശിച്ചിട്ടുണ്ട്.
അധ്യാപക സംഘടനകളുടെ നിര്‍ദേശങ്ങള്‍ക്കായുള്ള കരട് അന്തിമ മാനദണ്ഡങ്ങള്‍ കോടതിക്ക് കൈമാറും. കോടതിയുടെ അനുമതി ലഭിക്കുന്നതിനനുസരിച്ച് സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുകയും ചെയ്യും. പുതിയ മാനദണ്ഡപ്രകാരം അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പഴയ ഔട്ട് സ്‌റ്റേഷന്‍ സേവനത്തിന്റെ ബലത്തില്‍ സ്ഥലം മാറാതെ ജില്ലയില്‍ തുടരുന്ന അധ്യാപകര്‍ അന്യ ജില്ലകളില്‍ നിന്നും വരുന്ന ഹോം സ്‌റ്റേഷന്‍കാര്‍ക്കായി മാറിക്കൊടുക്കണം. ഹോം സ്‌റ്റേഷനില്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തു വരുന്ന അധ്യാപകരെ മുന്‍ഗണനാ വിഭാഗത്തില്‍ പരിഗണിക്കില്ല.
പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം താത്കാലികമായോ സ്ഥിരമായോ ഉപേക്ഷിച്ച് ഹയര്‍ സെക്കന്‍ഡറി അധ്യാപകരായി തുടരുന്നവർക്ക് സ്ഥലംമാറ്റത്തില്‍ പ്രത്യേക ആനുകൂല്യം നല്‍കേണ്ടതില്ലെന്ന് കരടില്‍ പറയുന്നുണ്ട്. ഇപ്രകാരമുള്ള സ്ഥലംമാറ്റത്തിന് സര്‍വീസില്‍ ഒരിക്കല്‍ മാത്രമേ അര്‍ഹതയുള്ളൂ. മുന്‍ഗണനാ സ്ഥലംമാറ്റം, ജില്ലയുടേയും വിഷയത്തിന്‌റേയും അടിസ്ഥാനത്തില്‍ പരമാവധി 20 ശതമാനമായി നിജപ്പെടുത്തും