headerlogo
education

ഈങ്ങാപ്പുഴ ബസേലിയസ് സ്കൂളിൽ നീറ്റ് പരീക്ഷ തുടങ്ങാൻ ഒന്നര മണിക്കൂർ വൈകി

പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്‌ചക്കെതിരെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്

 ഈങ്ങാപ്പുഴ ബസേലിയസ് സ്കൂളിൽ നീറ്റ് പരീക്ഷ തുടങ്ങാൻ ഒന്നര മണിക്കൂർ വൈകി
avatar image

NDR News

08 May 2023 06:28 AM

കോഴിക്കോട്‌ : ചോദ്യപേപ്പർ കുറഞ്ഞതിനെ തുടർന്ന്‌ ഒരു കേന്ദ്രത്തിൽ നീറ്റ്‌ പരീക്ഷ തുടങ്ങാൻ ഒന്നര മണിക്കൂറിലധികം വൈകി.പരീക്ഷാ നടത്തിപ്പിലുണ്ടായ വീഴ്‌ചക്കെതിരെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. ഈങ്ങാപ്പുഴ മാർ ബസേലിയസ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലാണ്‌ സംഭവം. പകൽ 11ന്‌ ഹാളിൽ കയറിയ കുട്ടികളിൽ പലരും രാത്രി ഏഴോടെയാണ്‌ പുറത്തിറങ്ങിയത്‌. ദൂരസ്ഥലങ്ങളിൽനിന്ന് എത്തിയ വിദ്യാർഥികൾ വീടുകളിലേക്ക് പോകാനും ഏറെ വലഞ്ഞു.  

       പരീക്ഷ കഴിയേണ്ട സമയമായിട്ടും കുട്ടികൾ പുറത്തുവരാത്തതിനെ തുടർന്ന്‌ രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ്‌ സംഭവം പുറത്തറിഞ്ഞത്‌. തുടർന്ന്‌ പരീക്ഷാ കോ -ഓർഡിനേറ്റർ പിഴവുണ്ടായതായി തുറന്ന്‌ സമ്മതിച്ചു. 20 ക്ലാസ്‌ മുറികളിലായിരുന്നു പരീക്ഷ. ചോദ്യപേപ്പറിന്റെ കെട്ട്‌ പൊട്ടിച്ചപ്പോഴാണ്‌ 50 പേപ്പറുള്ള ഒരുകെട്ടിന്റെ കുറവുള്ളത്‌ ശ്രദ്ധയിൽപ്പെട്ടതെന്ന്‌ അധികൃതർ അറിയിച്ചു. നീറ്റ്‌ നടത്തുന്ന ഏജൻസിയായ എൻടിഎയെ  ഇക്കാര്യം അറിയിച്ചതിനെ തുടർന്ന്‌ കുറച്ച്‌ ഹാളുകളിൽ പരീക്ഷ തുടരാൻ നിർദേശിച്ചു. 

       നാല്‌ മുതൽ 20 വരെയുള്ള ക്ലാസ്‌ മുറികളിൽ പകൽ രണ്ടിനുതന്നെ പരീക്ഷ തുടങ്ങി. ഹാജരാവാത്ത കുട്ടികളുടെ ചോദ്യപേപ്പർ ശേഖരിച്ച്‌ രണ്ട്‌, മൂന്ന്‌ ഹാളിൽ അരമണിക്കൂറിനു ശേഷമാണ്‌ പരീക്ഷ ആരംഭിച്ചത്‌. സമീപകേന്ദ്രങ്ങളിൽ ബാക്കിവന്ന ചോദ്യപേപ്പർ എത്തിച്ചശേഷം മൂന്നരയ്‌ക്കാണ്‌  ഒന്നാമത്തെ ഹാളിൽ പരീക്ഷ തുടങ്ങിയത്‌.  നേരത്തെ ക്ലാസ്‌ മുറികളിൽ കയറിയവരിൽ പലരും വിശപ്പും ദാഹവുമായി ക്ഷീണിച്ചിരുന്നതായി രക്ഷിതാക്കൾ പരാതിപ്പെട്ടു. പരീക്ഷ വൈകുന്നതുമൂലമുള്ള മാനസിക സംഘർഷവും കുട്ടികൾ നേരിട്ടതായി പറയുന്നു.

    ജില്ലയിൽ 16,905 പേർ മെഡിക്കൽ പഠനത്തിനുള്ള എൻട്രൻസായ നീറ്റ്‌ (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ്‌ ടെസ്റ്റ്‌) പരീക്ഷ എഴുതി. 39 പരീക്ഷാകേന്ദ്രമാണ്‌ സജ്ജമാക്കിയത്‌. 17,271 വിദ്യാർഥികൾ രജിസ്റ്റർ ചെയ്‌തതിൽ 366 പേർ പരീക്ഷ എഴുതിയില്ല.  എഴുതാത്തവരുടെ എണ്ണം  കഴിഞ്ഞ തവണത്തേക്കാൾ കുറവാണ്‌. ഞായർ പകൽ രണ്ടുമുതൽ 5.20 വരെയായിരുന്നു പരീക്ഷ. കോവിഡ്‌ മാനദണ്ഡം പാലിച്ചാണ്‌ പരീക്ഷ നടത്തിയത്‌.  മലാപ്പറമ്പ്‌ വേദവ്യാസയിലാണ്‌ കൂടുതൽ പേർ (970) പരീക്ഷ എഴുതിയത്‌.

 

 

 

NDR News
08 May 2023 06:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents