കൊയിലാണ്ടി ഗവ. മാപ്പിള വൊക്കേഷണൽ സ്കൂൾ നൂറ്റി ഇരുപതാം വാർഷികം ആഘോഷിച്ചു
സാംസ്കാരിക സമ്മേളനം എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: നന്മ ചെയ്യുന്നവരെയും, നാടിൻ്റെയും വിദ്യാലയത്തിൻ്റെയും വിളക്കായ ഗുരുനാഥൻ മാരെയും, ആദരിക്കാനുള്ള സാംസ്കാരിക ബോധം ഒരിക്കലും നഷ്ടമാവരുതെന്ന് പ്രശസ്ത സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ.കൊയിലാണ്ടി മാപ്പിള ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന്റെ 120 വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു മനുഷ്യൻറെ നല്ല വാക്കിന് മറ്റൊരു മനുഷ്യനെ മരണത്തിൽ നിന്നും ജീവിതത്തിലേക്ക് കൊണ്ടു വരാനുള്ള ശക്തിയുണ്ടെന്നും, മരണത്തിന് ശേഷമല്ല ജീവിക്കുമ്പോഴാണ് ആദരം അർപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലയാള ഭാഷയിൽ ആദരാജ്ഞലി എന്ന വാക്കിന് ആദരവോടെയുള്ള കൂപ്പുകൈ എന്നാണർത്ഥം. പക്ഷെ മലയാളികൾ അത് മരണശേഷം മാത്രം അർപ്പിക്കേണ്ട ഒന്നായി പരിമിതപ്പെടുത്തിയത് നിർഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു
സർവീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പാൾ ഇ.കെ.ഷൈനി, മുൻ ഹെഡ്മിസ്ട്രസ് കെ.കെ.ചന്ദ്രമതി, അമ്പത് വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പാചക തൊഴിലാളി കെ.വി.ലക്ഷ്മി എന്നിവർക്കുള്ള പി.ടി.എ യുടെയും നാടിൻറെയും സ്നേഹാദരത്തിന് സാക്ഷികളാവാൻ വൻ ജനാവലിയാണ് എത്തിച്ചേർന്നത്.
സമ്മോഹന വേദിയിൽ യാത്രയാക്കപ്പെട്ടവർക്ക് പി.ടി.എ യും, എം.പി.ടി.എ യും, പൂർവ്വ വിദ്യാർത്ഥികളും, വിവിധ ക്ലാസ് ഗ്രൂപ്പുകളിലെ വിദ്യാർത്ഥികളും സ്നേഹോപഹാരങ്ങൾ നൽകി. കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധാ കിഴക്കേപ്പാട്ട് വിരമിക്കുന്നവർക്കുള്ള ഉപഹാരം നൽകി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എ.അസീസ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ദീപാഞ്ജലി. എം സ്വാഗതം പറഞ്ഞു.പി വി.പ്രകാശൻ നയിച്ച വിൻഡ്സ് ട്രിംഗ്സ് ക്ലാസിക്കൽ ഫ്യൂഷൻ,സുസ്മിതയുടെ ഗസൽ, ഇശൽ കൊയിലാണ്ടിയുടെ മുട്ടിപ്പാട്ട് വിദ്യാലയ കൂട്ടായ്മയിൽ നിർമ്മിച്ച 'നാരോ' ഹ്രസ്വചിത്രത്തിൻ്റെ പ്രദർശനവും കലാപരിപാടികളും അരങ്ങേറി.
കൗൺസിലർമാരായ കെ.ടി.വി. റഹ്മത്ത് വി.പി.ഇബ്രാഹിംകുട്ടി, കെ.വൈശാഖ്, എസ്.വി.രതീഷ് ( പ്രിൻസിപ്പാൾ, വിഎച്ച്എസ്ഇ) എൻ. ബഷീർ (കൺവീനർ, എസ്.എസ്.ജി) യുകെ രാജൻ, രാമചന്ദ്രൻ നീലാംബരി, എം.ബീന, രാഗം മുഹമ്മദലി, പി.ഷംസുദ്ദീൻ, പി. കെ. അജയകുമാർ,വി എം, പ്രകാശൻ മുഹമ്മദ് സിനാൻ, പി.എം.ജസ് ലു, കെ.പി.ഹാഷിം, ഷിബുന, ഷാഫി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോ. പി കെ ഷാജി നന്ദി പറഞ്ഞു.

