എസ്എസ്എല്‍സി മുഴുവന്‍ എപ്ലസില്‍ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസും ബാലുശ്ശേരി ഗവ.ഗേള്‍സും ഒന്നാമത്
ഗ്രാമ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ എപ്ലസ് എണ്ണത്തില്‍ തകര്‍പ്പന്‍ പ്രകടനം

പേരാമ്പ്ര: ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പൂര്‍ണമായും പുറത്ത് വന്നപ്പോള്‍ എപ്ലസ് ശതമാനത്തില്‍ സ്വകാര്യ മേഖലയില്‍ നിന്ന് ഇത്തവണ പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് സ്കൂള്‍ ഒന്നാമതെത്തി. 66.66ശതമാനമാണ് ഇവിടുത്തെ എ പ്ലസ് വിജയം.സര്‍ക്കാര്‍ മേഖലയില്‍ 39.21 ശതമാന വിജയവുമായി ബാലുശ്ശേരി ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ഒന്നാമതെത്തി. സ്വകാര്യ മേഖലയില്‍ 57.29 ശതമാനം ഫുള്‍ എപ്ലസുമായി തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് സ്കൂള്‍, 48ശതമാനം ഫുള്‍ എപ്ലസുമായി നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ എന്നിവ യഥാക്രമം രണ്ടാമതും മൂന്നാമതുമെത്തി. സര്‍ക്കാര്‍ മേഖലയില്‍ 31.38 ശതമാനം ഫുള്‍ എപ്ലസുമായി കൊളത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറിസ്കൂള്‍ ആണ് രണ്ടാം സ്ഥാനത്ത്. 27.76 ശതമാനം ഫുള്‍ എ പ്ലസുള്ള നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജില്ലയില്‍ ഇത്തവണ മുഴുവന്‍ എ പ്ലസില്‍ മൂന്നാമതെത്തി.
40.26 ശതമാനം കുട്ടികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ച ചേന്ദമംഗലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളും ജില്ലയില്‍ സ്വകാര്യ മേഖലയില്‍ മികച്ച പ്രകടനം നടത്തി.എന്നാല്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെങ്കിലും ജില്ലയിലെ വലിയ സ്കൂളുകളായ മേമുണ്ട, എളേറ്റില്‍ എന്നിവ ശതമാനക്കണക്കില്‍ പിറികിലായി. മേമുണ്ടയില്‍ 23.57 ശതമാനവും എളേറ്റില്‍ 20.29 ശതമാനവുമാണ് ഇത്തവണത്തെ ഫുള്‍ എ പ്ലസ് വിജയം. ചക്കാലക്കല്‍ ഹൈസ്കൂളിലും ഇത്തവണത്തെ ഫുള്‍ എപ്ലസ് ശതമാനം കുറഞ്ഞു(18.47). കുറ്റ്യാടി, മേപ്പയ്യൂര്‍ ഗവ.സ്കൂളുകള്‍ കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ചെങ്കിലും ഫുള്‍ എപ്ലസ് ശതമാനം സമാനമായി ഉയര്‍ന്നില്ല. കുറ്റ്യാടിയില്‍ 16.29 ശതമാനം പേര്‍ക്കും മേപ്പയ്യൂരില്‍ 19.07 ശതമാനം പേര്‍ക്കും മാത്രമാണ് ഫുള്‍ എപ്ലസ് ലഭിച്ചത്.
പേരാമ്പ്ര മേഖലയില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളും (32.71) കൊയിലാണ്ടിയില്‍ ഗവ. ഗേള്‍സ് സ്കൂൾ (26.72)കൊയിലാണ്ടിയുമാണ് എപ്ലസില്‍ മികച്ച പ്രകടം നടത്തിയത്. അത്തോളി ഗവ. സ്കൂളില്‍ 21.06 ശതമാനം പേര്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. വടകര ജെഎന്‍എം ജിഎച്ച്എസ് ഇത്തവണ എപ്ലസ് ശതമാനത്തില്‍ നല്ല നേട്ടമുണ്ടാക്കി. 24.65 ശതമാനം കുട്ടികള്‍ക്കാണ് അവിടെ ഫുള്‍ എപ്ലസ് ലഭിച്ചത്. നൊച്ചാട് സ്കൂളിന് ഇത്തവണ 20.85% ഫുള്‍ എപ്ലസ് ആണ് ലഭിച്ചത്. കുളത്ത് വയൽ (22.15) കൂരാച്ചുണ്ട് (19.61)എന്നിവയാണ് എപ്ലസില്‍ താരതമ്യേന മികവ് പുലര്‍ത്തിയ പേരാമ്പ്ര മേഖലയിലെ മറ്റ് സ്കൂളുകള്‍.
വിജയ ശതമാനത്തിലെന്ന പോലെ ഫുള്‍ എപ്ലസിലും ഗ്രാമീണ മേഖലയിലുള്ള സര്‍ക്കാര്‍ സ്കൂളുകളാണ് മികച്ച് നിന്നത്. സർക്കാർ വിഭാഗത്തിൽ മുഴുവന്‍ എപ്ലസ് ശതമാനത്തില്‍ മുന്നിട്ട് നില്ക്കുന്ന സ്കൂളുകളെല്ലാം ഗ്രാമ പ്രദേശങ്ങളില്‍ നിന്നാണ്. കോഴിക്കോട് നഗരത്തില്‍ ഒരു ഫുള്‍ എപ്ലസ് പോലും ലഭിക്കാത്ത എട്ട് സ്കൂളുകളില്‍ ഏഴും സര്‍ക്കാര്‍ മേഖലയിലാണ്. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ സ്വകാര്യ വിദ്യാലയങ്ങളുടെ കുത്തക തകര്‍ത്ത പ്രകടനമാണ് ഗവ.സ്കൂളുകള്‍ നടത്തിയത്.ഏറെ കൊട്ടിഘോഷിച്ച് നടത്തുന്ന കോഴിക്കോട് നടക്കാവ് ഗേള്‍സ് സ്കൂളിലെ ഫുള്‍ എപ്ലസ് നഗരത്തിലെ മറ്റ് സര്‍ക്കാര്‍ സ്കൂളുകളെ അപേക്ഷിച്ച് മെച്ചമെങ്കിലും ഗ്രാമ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പിറകിലാണ്. അക്കാദമികമായും ഭൗതികമായും അന്താരാഷ്ട്ര സൗകര്യങ്ങള്‍ ലഭ്യമായിട്ട് പോലും ഇത്തവണ 21.69 കുട്ടികള്‍ക്ക് മാത്രമാണ് ഇവിടെ മുഴുവന്‍ എപ്ലസ് ലഭിച്ചത്.