കാട്ടാക്കട യു യു സി ആള്‍മാറാട്ടത്തില്‍ നടപടി, പ്രിൻസിപ്പലിനെ പുറത്താക്കി
അധ്യാപക സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും

തിരുവനന്തപുരം: കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ യുസിയായി മത്സരിച്ച് ജയിച്ച കുട്ടിക്ക് പകരം എസ്എഫ്ഐ നേതാവിനെ ഉൾപ്പെടുത്തിയതാണ് വിവാദമായ സംഭവം. സര്‍വകലാ ശയ്ക്ക് വലിയ അവമതിപ്പ് ഉണ്ടാക്കി. ഉടൻ നടപടി എന്ന നിലയിൽ പ്രൊ.ഷൈജുവിനെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാ ശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു.
സര്‍വകലാശാലയെ കബളിപ്പിച്ചതിന് പ്രിൻസിപ്പളിനെതിരെ പൊലീസില്‍ പരാതി കൊടുക്കും. ആള്‍മാറാട്ടം നടത്തി യുയുസിയായ വിശാഖിനെതിരെയും പരാതി കൊടുക്കും. പ്രൊ.ഷൈജുവിനെ അധ്യാപക സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യാൻ മാനേജ്‌മെന്റിനോട് ആവശ്യപ്പെടും. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ കോളജിൽ നിന്നും അയച്ച യുയുസി ലിസ്റ്റും പരിശോധിക്കും. മുതിർന്ന ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പരിശോധിക്കും.
കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ സര്‍വകലാ ശാലക്ക് പരിമിതി ഉണ്ട്.പൊലീസിന് ഇത് അന്വേഷിക്കാം.തെരഞ്ഞെടുപ്പ് ചെലവുകൾ പ്രൊ.ഷൈജുവിൽ നിന്ന് ഈടാക്കും.പരീക്ഷ നടത്തിപ്പ് അടക്കമുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിന്‍റെ പിറ്റേന്ന് തന്നെ ഫലം സര്‍വകലാശാലയെ അറിയിക്കണം.കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല.യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നൽകണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പരാതിയുണ്ടെങ്കിൽ അറിയിക്കാൻ അവസരം ഉണ്ടാകും.അതിന് ശേഷമാകും യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി.