കളിചിരിയാൽ അവരെഴുതി "തത്ത വന്നു, താര വന്നു" ; ശ്രദ്ധേയമായി പനങ്ങാട് നോർത്ത് എയുപി സ്കൂൾ പ്രവേശനോത്സവം
പ്രവേശനോത്സവം പനങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹരീഷ് ത്രിവേണി ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി : വൈവിധ്യമാർന്ന പരിപാടിയിലൂടെ ശ്രദ്ധേയമായി പനങ്ങാട് നോർത്ത് എയുപി സ്കൂൾ പ്രവേശനോത്സവം. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് ഒന്നാം ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയ പ്രദർശനക്ലാസാണ് ഏവരുടേയും മനം കവർന്നത് . പ്രീ സ്കൂൾ കഴിഞ്ഞെത്തിയ കുട്ടികൾ ആശയവതരണ രീതിയിലൂടെ കുറഞ്ഞ സമയം കൊണ്ട് അവരുടെ നോട്ടിൽ തത്ത വന്നു, താര വന്നു എന്നെഴുതുകയും വായിക്കുകയും ചെയ്തപ്പോൾ അത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ കൗതുകമായി.
ഒന്നാം ക്ലാസിലെ അവധിക്കാല പരിശീലനവും ഇത്തരത്തിലുള്ള പ്രദർശന ക്ലാസോടെയായിരുന്നു. ജില്ലാ പരിശീലനത്തിൽ ക്ലാസ് കൈകാര്യം ചെയ്ത സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ശ്രിനേഷ് മാസ്റ്റർ സ്കൂളിൽ ക്ലാസ് കൈകാര്യം ചെയ്തു. ആശയാവതരണ രീതിയുടെ മുഴുവൻ സാധ്യതയും പ്രയോജനപ്പെടുത്തി കുട്ടികൾ വാക്യങ്ങളിൽ നിന്ന് വാക്കുകളിലേക്കും വാക്കിൽ നിന്ന് അക്ഷരത്തിലേക്കും അക്ഷരത്തിൽ നിന്ന് പുതിയ വാക്കിലേക്കും എത്തുന്ന രീതിയിലൂടെ ഭാഷാനുഭവങ്ങൾ എങ്ങനെ ഒരുക്കാമെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്താൻ പ്രദർശന ക്ലാസിലൂടെ കഴിഞ്ഞു.
കഥ, നിർമ്മാണം, കല എന്നിവയിലധിഷ്ഠിതമായ 'കനികാധിഷ്ഠിത രീതി' , സചിത്ര പാഠപുസ്തകം, പിന്തുണാ പുസ്തകം, സംയുക്ത ഡയറി എന്നിവയെല്ലാം ഈ വർഷത്തെ ഒന്നാം ക്ലാസിന്റെ പ്രത്യേകതയാണ്.
സ്കൂൾ പ്രവേശനോത്സവം പനങ്ങാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഹരീഷ് ത്രിവേണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ രമ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ സബീഷ് മാസ്റ്റർ, പി ടി എ പ്രസിഡന്റ് പ്രജീഷ് പി എം , സി.പി. ബാലൻ മാസ്റ്റർ, എ കെ രവീന്ദ്രൻ , ഷീജ എം എന്നിവർ സംസാരിച്ചു.

