ജില്ലയിലെ സ്കൂൾ പരിസരങ്ങളിൽ കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി
14 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കാൻ നോട്ടീസ് നൽകി
കോഴിക്കോട്:ജില്ലയിലെ സ്കൂൾ പരിസരങ്ങളിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി.ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ച33 കടകൾ അടപ്പിക്കുകയും 13 സ്ഥാപനങ്ങൾക്ക് പിഴചുമത്തുകയും ചെയ്‌തു. 14 സ്ഥാപനങ്ങൾക്ക് ന്യൂനത പരിഹരിക്കാൻ നോട്ടീസ് നൽകി. 12 സ്ക്വാഡുകളുടെ നേതൃത്വത്തിൽ 97 സ്കൂളുകളുടെ പരിസരത്തായി 363 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.ജ്യൂസ്, സിപ്പപ്പ് തുടങ്ങിവയുടെ 62 സാമ്പിളുകൾ പരിശോധനയ്‌ക്കായി കോഴിക്കോട് അനലിറ്റിക്കൽ ലാബിലേക്ക് അയച്ചു.
സ്കൂൾ കാന്റീനുകളിലും 50 മീറ്റർ ചുറ്റളവിലുള്ള സ്ഥാപനങ്ങളിലും ഉയർന്ന തോതിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയടങ്ങിയ ഭക്ഷണ സാധനങ്ങൾ വിൽക്കരുതെന്ന് ഭക്ഷ്യസുരക്ഷ അസി. കമീഷണർ എ സക്കീർ ഹുസൈൻ അറിയിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് റെഗുലേഷൻ 2020 പ്രകാരം ഭക്ഷ്യവസ്തുക്കൾ വിതരണംചെയ്യുന്ന എല്ലാ സ്കൂളുകളും ഭക്ഷ്യസുരക്ഷാ വകുപ്പിൽ രജിസ്റ്റർചെയ്യണം. foscos.fssai.gov.in എന്ന പോർട്ടൽവഴി അപേക്ഷിക്കാം. പരിശോധന വരും ദിവസങ്ങളിലും തുടരും.

