സമഗ്ര ശിക്ഷ കേരള ബി ആർ സി പന്തലായനി അധ്യാപക ക്ലസ്റ്റർ കൂട്ടായ്മ
നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഇന്ദിര ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : പന്തലായനി ബി ആർ സി അധ്യാപക ക്ലസ്റ്റർ കൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ നഗരസഭാ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ ഇന്ദിര പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജു കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ദീപ്തി ഇ പി സ്വാഗതം പറഞ്ഞു. കൊയിലാണ്ടി എ ഇ ഒ ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
പന്തലായനി ബി ആർ സി യിലെ അൺ എയ്ഡഡ് സ്കൂളുകളടക്കം 103 സ്കൂളുകളിലെ പ്രധാനാധ്യാപകർ ഉൾപ്പെടെ മുഴുവൻ അധ്യാപകർക്കും വേണ്ടിയാണ് പരിശീലനം. ജി വി എച്ച് എസ് എസ് കൊയിലാണ്ടി, ജി എച്ച് എസ് എസ് പന്തലായനി , ജി എം വി എച്ച് എസ് എസ് കൊയിലാണ്ടി എന്നീ മൂന്ന് സെൻററുകളിലായി എൽ പി , യുപി , എച്ച് എസ് വിഭാഗങ്ങൾക്കുള്ള പരിശീലനം ഒരുക്കിയിരിക്കുന്നു.
അധ്യാപക കൂട്ടായ്മ മോണിറ്ററിങ്ങിന്റെ ഭാഗമായി ക്യു ഐ പി ഡെപ്യൂട്ടി ഡയറക്ടർ രസീന, എസ് എസ് കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ അനുലേഖ ഇ, ഡിസ്ട്രിക്ട് പ്രോജക്ട് കോഡിനേറ്റർ ഡോക്ടർ എ കെ അബ്ദുൽ ഹക്കീം എന്നിവർ അടങ്ങിയ ടീം പരിശീലന കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി. പഠന വിടവുകൾ നികത്തി കുട്ടികളെ അവരുടെ കഴിവിനുതകുന്ന മേഖലകളിലേക്ക് കൈപിടിച്ചുയർത്താൻ ഇത്തരം പരിശീലനങ്ങൾക്ക് കഴിയട്ടെ എന്ന് ക്യു ഐ പി ഡെപ്യൂട്ടി ഡയറക്ടർ ആശംസിച്ചു.
കൊയിലാണ്ടി ജി വി എച്ച് എസ് എസ് പ്രധാനാധ്യാപിക അജിത കുമാരി , പരിശീലകരായ സംഗീത , നിഷിത എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ജാബിർ നന്ദി പറഞ്ഞു.