പന്തലായനി ബി ആർ സി തല ചലച്ചിത്രോൽസവം ലോഗോ പ്രകാശനം
പ്രസിദ്ധ എഴുത്തുകാരനും തിരക്കഥാകൃത്തുമായ വി.ആർ.സുധീഷ് പ്രശസ്ത ഛായാഗ്രാഹകൻ എം.വേണുഗോപാലിന് നൽകി പ്രകാശിപ്പിച്ചു.
കൊയിലാണ്ടി : കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. പന്തലായനി ബി.ആർ സി ചലച്ചിത്രോൽസവത്തിന്റെ ലോഗോ പ്രകാശനം പ്രസിദ്ധ എഴുത്തുകാരനും തിരക്കഥാകൃത്തുമായ വി.ആർ.സുധീഷ് പ്രശസ്ത ഛായാഗ്രാഹകനായ എം.വേണുഗോപാലിന് നൽകി പ്രകാശിപ്പിച്ചു.
സാംസ്കാരിക ഉന്നമനം എളുപ്പത്തിൽ സാധ്യമാകുന്ന മാധ്യമം എന്ന നിലയിൽ കലാമൂല്യമുള്ള സിനിമകളും, ഡോക്യുമെന്ററികളും, ഹ്രസ്വ സിനിമകളും കുട്ടികൾക്ക് കാണാനും, ആസ്വദിക്കാനും അവസരം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഭാഷാ പഠനത്തിന് പിന്തുണ നൽകുന്നതോടൊപ്പം സിനിമയുടെ ശാസ്ത്രീയവും, സങ്കേതങ്ങളും കുട്ടികളെ പരിചയപ്പെടുത്തുക, ഉദാത്തമായ മാനുഷിക മൂല്യങ്ങളും, ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാനുള്ള അവസരം ലഭ്യമാക്കുക എന്നിവയുടെ ഭാഗമായി സ്കൂളുകളിൽ പരമാവധി 40 കുട്ടികളെ ഉൾപ്പെടുത്തി സിനിമ ക്ലബ്ബുകൾഇതിന്റെ ഭാഗമായി രൂപീകരിക്കും. ഫിലിം ക്ലബ്ബിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് ബി.ആർ.സി തല ചലച്ചിത്രോൽസവത്തിൽ പങ്കെടുക്കുന്നത്.
പന്തലായനി ബ്ലോക്ക് പ്രോജക്ട് കോ ഓഡിനേറ്റർ ദീപ്തി ഇ.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ട്രെയിനർ വികാസ് കെ.എസ്, ഉണ്ണികൃഷ്ണൻ കെ എന്നിവർ സംസാരിച്ചു. പ്രസിദ്ധ ലോഗോ നിർമ്മാതാവ് ഉദയേഷ് ചേമഞ്ചേരിയാണ് ലോഗോ ഡിസൈൻ ചെയ്തത്.

