headerlogo
education

ഉയരും വിജ്‌ഞാനകേരളം; പുത്തൻ ആശയങ്ങളുമായി കോഴിക്കോട്ട് ആദ്യ മുഖാമുഖം

ഉന്നത വിദ്യാഭ്യാസ മേഖല വരുംവർഷങ്ങളിൽ വൻ കുതിച്ചുചാട്ടമുണ്ടാകും

 ഉയരും വിജ്‌ഞാനകേരളം; പുത്തൻ ആശയങ്ങളുമായി കോഴിക്കോട്ട് ആദ്യ മുഖാമുഖം
avatar image

NDR News

19 Feb 2024 06:04 AM

കോഴിക്കോട്‌: കേരളത്തെ വിജ്‌ഞാന സമ്പദ്‌വ്യവസ്ഥയിലേക്ക്‌ നയിക്കാൻ പുതുദിശാബോധം നൽകുന്ന നിർദേശങ്ങളും തീരുമാനങ്ങളുമായി വിദ്യാർഥികളുമായുള്ള ആദ്യ മുഖാമുഖം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല വരുംവർഷങ്ങളിൽ വൻ കുതിച്ചുചാട്ടത്തിന്‌ തയ്യാറെടുക്കുകയാണെന്ന്‌ സംവാദം വ്യക്തമാക്കി. സംസ്ഥാനത്തെ വിദ്യാർഥികളെ അതിലേക്ക്‌ പ്രാപ്‌തരാക്കേണ്ടതിന്റെ ആവശ്യകതയിലേക്കും മുഖാമുഖം വിരൽചൂണ്ടി.  പുത്തൻ തലമുറയുടെ അഭിപ്രായങ്ങളെ സസൂക്ഷ്‌മം കേട്ട  മുഖ്യമന്ത്രി പിണറായി വിജയൻ അവയ്‌ക്ക്‌ കൃത്യമായ കാഴ്‌ചപ്പാടോടെ മറുപടിയും നൽകി. സർക്കാരിന്റെ നവകേരള കാഴ്ചപ്പാട്‌ അദ്ദേഹം വിദ്യാർഥികളുമായി പങ്കിട്ടു. 60 പേർ നേരിട്ട്‌ സംവദിച്ചു.മറ്റുള്ളവർ എഴുതി നൽകി. കേന്ദ്ര സർക്കാർ ഇ–സ്‌കോളർഷിപ്പ്‌ നിർത്തലാക്കുന്നതു സംബന്ധിച്ചായിരുന്നു ഏറെ ചോദ്യങ്ങൾ. എന്നാൽ അതിന്‌ ബദൽസംവിധാനം സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ആ ആശങ്കയും അകന്നു. കേവലം നാലു ശതമാനം വിദ്യാർഥികൾ മാത്രമാണ്‌ വിദേശത്തേയ്‌ക്ക്‌ പോകുന്നതെന്നും,  അത്‌ അത്ര കാര്യമാക്കാനില്ലെന്നും അതുസംബന്ധിച്ച ചോദ്യങ്ങൾക്കും മറുപടി നൽകി. 

       നാല് വർഷ ബിരുദ കോഴ്സ് യാഥാർഥ്യമാകുന്നതോടെ ആർട്സ് ആൻഡ് സയൻസ് കോളേജുകൾ അടിമുടി മാറുമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കും.  റിന്യൂവബിൾ എനർജി, നാനോ ടെക്‌നോളജി, ബയോ മെഡിക്കൽ എൻജിനിയറിങ്, ജിനോമിക് സ്റ്റഡീസ്, നിർമിതബുദ്ധി,   തുടങ്ങിയ മേഖലകളിൽ മികവിന്റെ കേന്ദ്രങ്ങളും ആരംഭിക്കും.  ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിവരവും വിരൽത്തുമ്പിൽ ലഭിക്കുംവിധം  സോഫ്‌റ്റ്‌വെയർ ഉടൻ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. മലബാർ ക്രിസ്‌ത്യൻ കോളേജിൽ സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ രണ്ടായിരത്തോളം വിദ്യാർഥികളാണ്‌ പങ്കെടുത്തത്‌. നവകേരള സദസ്സിനു ശേഷം വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി നടത്തുന്ന സംവാദ പരിപാടികൾക്കാണ്‌ ഇതോടെ തുടക്കമായത്‌. കലാപത്തിനിടയിൽ വിദ്യാഭ്യാസം മുടങ്ങിയ മണിപ്പുരി വിദ്യാർഥികൾ, കേരളത്തിൽ പഠന സൗകര്യം ഒരുക്കിയതിന്‌ നന്ദി പറയാൻ എത്തിയിരുന്നു. ജി എസ് പ്രദീപ്‌ മോഡറേറ്ററായി.  ഉന്നതവിദ്യാഭ്യാസമന്ത്രി  ആർ ബിന്ദു അധ്യക്ഷയായി. മന്ത്രിമാർ, മറ്റ്‌ ജനപ്രതിനിധികൾ, വൈസ്‌ ചാൻസലർമാർ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

NDR News
19 Feb 2024 06:04 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents