സ്നേഹപൂർവ്വം കെ.ജെ പോളിന് പരിപാടി ശ്രദ്ധേയമായി
അഡ്വ. പി.ടി.എ. റഹീം എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എന്ന നിലയിൽ നാലര വർഷക്കാലത്തെ സേവനത്തിനു ശേഷം പ്രമോഷൻ പ്രകാരം മലപ്പുറം ജില്ലയിലെ കഴിമണ്ണ ഗവ: ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ ആയി നിയമിതനായ കെ.ജെ. പോളിന് കുന്ദമംഗലം ഉപജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനത്തിൻ്റെ ഉദ്ഘാടനവും കെ.ജെ. പോളിനുള്ള മെമൻ്റോ സമർപ്പണവും കുന്ദമംഗലം എം.എൽ.എ. അഡ്വ. പി.ടി.എ. റഹീം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി ഉപഹാരസമർപ്പണം നടത്തി. ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ മനോജ്കുമാർ പൊന്നാടയും അണിയിച്ചു.
കർമ്മരംഗത്ത് തൻ്റേതായ ചില അടയാളപ്പെടുത്തലുകൾ നടത്തുവാനും ഈ നാടിൻ്റെ സ്നേഹവും അംഗീകാരവും പിടിച്ചുപറ്റാനും അതിലൂടെ ജനകീയനായ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എന്ന തലത്തിലേക്ക് ഉയരാനും കെ.ജെ. പോളിന് കഴിഞ്ഞിട്ടുണ്ടെന്ന് പി.ടി.എ റഹീം പറഞ്ഞു. അധ്യാപികമാർ അവതരിപ്പിച്ച തിരുവാതിരക്കളിയും സ്നേഹപൂർവ്വം കെ.ജെ. പോളിന് എന്ന ഡോക്യുമെൻ്ററിയും പരിപാടിക്ക് മിഴിവേകി.
ചടങ്ങിൽ കുന്ദമംഗലം ഉപജില്ലയിൽ വരുന്ന മൂന്ന് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരായ ലിജി പുൽക്കുന്നുമ്മൽ (കുന്ദമംഗലം പഞ്ചായത്ത് പ്രസിഡൻ്റ്), ഓളിക്കൽ ഗഫൂർ (ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻ്റ്), സരിത കെ. (കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ബാബു നെല്ലൂളി (കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ചന്ദ്രൻ തിരുവലത്ത് (കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ), എച്ച്.എം. ഫോറം പ്രസിഡൻ്റ് ജി.എസ്. റോഷ്മ, ഷുക്കൂർ കോണിക്കൽ, റിട്ട: പ്രധാനാധ്യാപകരായ കെ. പ്രേമൻ, കെ.കെ. രാജേന്ദ്രകുമാർ, റീജാകുമാരി എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് യാത്ര പറയുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.ജെ. പോൾ മറുപടി പ്രസംഗം നടത്തി. എച്ച്.എം. ഫോറം സെക്രട്ടറി വിനോദ് കുമാർ സി.കെ. സ്വാഗതവും ട്രഷറർ എം. യൂസഫ് സിദ്ധീഖ് നന്ദിയും പറഞ്ഞു.