പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അധിക ബാച്ചുകൾ വേണമെന്ന് ശുപാർശ
വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു

മലപ്പുറം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ തുടർന്ന് അധിക ബാച്ചുകൾ വേണമെന്ന് ശുപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. സപ്ലിമെൻ്ററി അപേക്ഷകളുടെ എണ്ണം കൂടി പരിഗണിക്കണമെന്ന് ശുപാർശയിൽ പറയുന്നു. ബാച്ചുകളുടെ എണ്ണം നിശ്ചയിക്കുക മുഖ്യമന്ത്രിയോട് കൂടി ആലോചിച്ച ശേഷമായിരിക്കും.
മലപ്പുറം ആർഡിഡി, വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രി ജൂൺ 25ന് വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സമിതിയെ നിയോഗിച്ചത്.
സപ്ലിമെൻ്ററി അലോട്ട്മെൻറിനുള്ള അപേക്ഷ പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ ഇനിയും 16,882 പേർക്കാണ് സീറ്റ് കിട്ടാനുള്ളത്. മലപ്പുറത്ത് മാത്രം പതിനായിരത്തിലേറെ സീറ്റുകൾ ഇനിയും വേണം. പാലക്കാട് 8139 ഉം കോഴിക്കോട് 7192 ഉം കണ്ണൂരിൽ 4623 ഉം സീറ്റുകൾ ആവശ്യമാണ്.