ബാലുശ്ശേരി ഉപജില്ല കലോത്സവം: കോക്കല്ലൂർ ഹയർ സെക്കൻഡറി മുന്നേറുന്നു
ഹയർസെക്കൻഡറി വിഭാഗത്തിൽ 121 പോയിൻ്റും ഹൈസ്കൂൾ വിഭാഗത്തിൽ 100 പോയിൻ്റും
പൂനൂർ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ബാലുശ്ശേരി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ ഹയർ സെക്കൻഡറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കോക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മുന്നേറുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ 121 പോയിൻ്റും ഹൈസ്കൂൾ വിഭാഗത്തിൽ 100 പോയിന്റുമാണ് കോക്കല്ലൂർ സ്കൂളിന് ലഭിച്ചത്. 119 ഹയർ സെക്കൻഡറി വിഭാഗത്തിൽ നേടി പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളും 109 പോയിൻ്റുമായി പാലോറ ഹയർ സെക്കൻഡറി സ്കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിൻ്റുമായി നന്മണ്ട ഹയർ സെക്കൻഡറി ആണ് രണ്ടാമത്. 89 പോയിൻറ് ഉള്ള പൂനൂർ ഗവൺമെൻറ് സ്കൂൾ മൂന്നാം സ്ഥാനത്തുണ്ട്.
യു പി വിഭാഗത്തിൽ 25 പോയിന്റ് വീതം നേടി എയുപിഎസ് മുണ്ടക്കര, കെ യു പി എസ് ചീക്കിലോട്ട് എന്നീ സ്കൂളുകൾ ഒപ്പത്തിനൊപ്പം മുന്നേറുന്നു. എൽ പി വിഭാഗത്തിൽ കെസിഎ എൽപിഎസ് എരമംഗലം 35 പോയിന്റുമായി ഒന്നാമതാണ്. ബാലുശ്ശേരി എംഎൽഎ അഡ്വക്കറ്റ് കെഎം സച്ചിൻ ദേവ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ അധ്യക്ഷൻ വഹിച്ചു. പ്രിൻസിപ്പൽ അനില ചാക്കോ സ്വാഗതം പറഞ്ഞു. പ്രധാനധ്യാപകൻ പി കെ മഹേഷ് നന്ദി പ്രകാശിപ്പിച്ചു. ഇന്ന് മാപ്പിള കലകളുടെയാണ് ഒന്നാം വേദിയിൽ മത്സരം ആരംഭിക്കുക.