പഠനയാത്രയിലെ അധ്യാപകരുടെ ചെലവ് കുട്ടികളിൽ നിന്നും ഈടാക്കേണ്ട: പൊതുവിദ്യാഭ്യാസ വകുപ്പ്
പഠന യാത്രകള്‍ എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയിലാവണം

തിരുവനന്തപുരം : സ്കൂളിൽ നിന്നും പഠനയാത്രയ്ക്കായി കൊണ്ടു പോകുമ്പോൾ വിദ്യാർത്ഥികൾക്ക് അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പിടിഎ അംഗംങ്ങളുടെയും യാത്രയ്ക്കുളള ചെലവ് കുട്ടികളുടെ പക്കൽ നിന്നും ഈടാക്കാൻ പാടില്ലെന്ന സര്‍ക്കുലര്‍ പുറത്തിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്. പഠന യാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഷാനവാസ് എസ് ഒപ്പിട്ട സര്‍ക്കുലറിൽ വ്യക്തമാക്കുന്നു. ചൊവ്വാഴ്ചയാണ് ഉത്തരവ് പുറത്തിറങ്ങിയത്.
നിലവിലെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പഠനയാത്രകള്‍ സംഘടിപ്പിക്കുന്നതും യാത്രാ ച്ചെലവായി വന്‍തുക നിശ്ചയിക്കുന്നതിനാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതെ മാനസിക പ്രയാസം ഉണ്ടാവുന്നതുമായി നിരവധി പരാതികള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഇതു കൂടാതെ, സ്‌കൂളുകളില്‍ ജീവനക്കാരുടേയും വിദ്യാര്‍ഥികളുടേയും മറ്റും ജന്മദിനാഘോഷം പോലുള്ള വ്യക്തിപരമായ കാര്യങ്ങളില്‍ ആഘോഷം സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ നല്‍കാന്‍ കുട്ടികളെ നിര്‍ബന്ധിതമാക്കുന്നതുമായ സാഹചര്യവുമുണ്ട്. സമ്മാനം കൊണ്ടു വരാത്ത കുട്ടികളെ വേര്‍തിരിച്ചു നിര്‍ത്തുന്ന പ്രവണതയും ശ്രദ്ധയില്‍ പെട്ടിട്ടുള്ളതായി സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.