വിദ്യാലയങ്ങളും, വീടുകളും സൗഹൃദത്തിൻ്റെ ഹബ്ബുകളായി മാറണം; പി. ഹസീസ്
രക്ഷിതാക്കൾക്കായി നടന്ന ശിൽപ്പശാല മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ബി.കെ.എൻ.എം. യു.പി. സ്കൂളിൽ രക്ഷിതാക്കൾക്കായി നടന്ന ശിൽപ്പശാല മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഹെൽത്ത് ഇൻസ്പക്ടർ ടി. പങ്കജ് 'ആരോഗ്യ ശീലങ്ങൾ' എന്ന വിഷയത്തിലും, പ്രശസ്ത മോട്ടിവേറ്ററും പ്രഭാഷകനുമായ രംഗീഷ് കടവത്ത് 'നന്മയുടെ പാഠങ്ങൾ' എന്ന വിഷയത്തിലും ക്ലാസ്സുകൾ നൽകി. വിദ്യാലയങ്ങളും, വീടുകളും ശിശു സൗഹൃദങ്ങളായി മാറിയാൽ ഇന്ന് ചില കുട്ടികളിൽ കാണുന്ന ദുഃശീലങ്ങൾ ഇല്ലായ്മ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സൗഹൃദത്തിൻ്റെ ഹബ്ബുകളായി ഇത്തരം ഇടങ്ങൾ മാറ്റിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനാദ്ധ്യാപകൻ പി.ജി. രാജീവ് സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡൻ്റ് സജിന ചന്ദ്രൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് ശശീന്ദ്രൻ പുളിയത്തിങ്കൽ, എം.പി.ടി.എ. ചെയർപേഴ്സൺ നസീറ മാവട്ട്, വൈസ് ചെയർപേഴ്സൺ സുജില വളേരി,അധ്യാപകരായ കെ. ഗീത, കെ.എം.എ. അസീസ്, എൻ. സജില, കെ. സീനത്ത്, ശ്രുതി ജി.എസ്., പി.ടി.എ. പ്രതിനിധികളായ ശരണ്യ കീഴരിയൂർ, സിനി നടുവത്തൂർ, സുഷമ മാവട്ട് തുടങ്ങിയവരും സംസാരിച്ചു.
അരിക്കുളം കെ.എസ്.ഇ.ബി. സബ്ബ് എഞ്ചിനീയർ പി. വിവേക് വൈദ്യുതി സുരക്ഷ സംബന്ധിച്ച് ബോധവൽക്കരണം നടത്തി. പ്രശസ്ത പരിശീലകൻ പി.പി. സുധീർരാജ് 'രക്ഷിതാക്കളും വിദ്യാലയവും' എന്ന വിഷത്തിലും, സജിത കെ. പൊതു വിഷയങ്ങളിലും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തി.

