എസ്എസ്എൽസി ഫലം വന്നപ്പോൾ ഷഹബാസിന്റെ 9 കോളങ്ങളിൽ ആ ബ്സെൻറ്, പത്താമത്തെ കോളത്തിൽ എ പ്ലസ്
ട്യൂഷൻ സെന്ററിലെ പരിപാടിയുമായി ബന്ധപ്പെട്ട് പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു
താമരശ്ശേരി: ഇന്ന് എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം അറിയാൻ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ആകാംക്ഷയോടെ കാത്തു നിന്നപ്പോൾ ഇങ്ങു താമരശ്ശേരിയിലെ കണ്ണീരുണങ്ങാത്ത വീട്ടിൽ ഒരു ഉമ്മയും ഉപ്പയും നെടുവീർപ്പോടെ കാത്തിരിപ്പു ണ്ടായിരുന്നു. തങ്ങളുടെ പൊന്നു മകൻ ഷഹബാസ് ഇന്ന് ഉണ്ടായിരുന്നെങ്കിൽ ആ വീട്ടിലും വിജയാഹ്ലാദത്തിന്റെ പുത്തിരി കത്തേണ്ടതായിരുന്നു. കൂട്ടുകാരും ബന്ധുക്കളും അധ്യാപകരും ചേർന്ന് വിജയ മധുരം പങ്കിടേണ്ടതായിരുന്നു. വിടരും മുമ്പേ തല്ലിക്കൊഴിക്കപ്പെട്ട ഷഹബാസിന്റെ ദീപ്തമായ ഓർമ്മകൾ ഒരു ഇടവേളയ്ക്കു ശേഷം സങ്കടക്കടലായി ഇന്ന് ഒരു വട്ടം കൂടി പണിതീരാത്ത വീട്ടിലേക്ക് കടന്നുവരികയാണ്
എളേറ്റിൽ എം.ജെ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്എസ്എൽസി റിസൾട്ട് പേജിൽ 981മത്തെ നമ്പറായിട്ടാണ് മുഹമ്മദ് ഷബാസ് രേഖപ്പെടുത്തപ്പെട്ടത്. രജിസ്റ്റർ നമ്പർ 62837 ആദ്യം എഴുതിയ ഐടി പരീക്ഷയുടെ കോളം ഏറ്റവും അവസാനമാണ്. എന്നാൽ പിന്നീട് എഴുതേണ്ട കോളങ്ങൾ ആദ്യവും. ഐടി പരീക്ഷയുടെ സ്കോറായി അവസാന കോളത്തിൽ എ പ്ലസും മറ്റ് കോളങ്ങളിൽ ആബ്സൻ്റുമാണ് രേഖപ്പെടുത്തപ്പെട്ടത്. ഷഹബാസിന്റെ കാര്യത്തിൽ പ്രത്യേകം ആള് മരണപ്പെട്ടതാണെന്ന് എഴുതി വെക്കാൻ കമ്പ്യൂട്ടറിന് കഴിയില്ലല്ലോ. ഒരുപക്ഷേ എവിടെയോ ശൂന്യതയിൽ നിന്ന് ആ കോളം കണ്ട് ഷഹബാസിന്റെ ആത്മാവ് നെടുവീർപ്പിടുന്നുണ്ടാവാം. കേസിൽ പ്രതികളായ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് വലിയ വാർത്തയായിരുന്നു. എന്നാൽ കേസും വിവാദങ്ങളും നിലനിൽക്കെ അവരുടെ പരീക്ഷാഫലവും ഇന്ന് പ്രഖ്യാപിച്ചിട്ടില്ല. താമരശ്ശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷ റിസൾട്ട് പേജിൽ പ്രതികളായ അവർ 5 പേരുടെ കോളങ്ങൾ ആബ്സൈൻ്റ് പോലും ഇടാതെ ശൂന്യമാണ്.ഏറ്റവും ഒടുവിലായി ഫലം തടഞ്ഞു വച്ചിരിക്കുന്നു എന്ന് റിമാക്സും. കൗമാരത്തിന്റെ എടുത്തുചാട്ടങ്ങൾ മരിച്ചവരെ മാത്രമല്ല ജീവിച്ചിരിക്കുന്നവരുടെ ഭാവി പോലും എന്നെന്നേക്കുമായി നശിപ്പിക്കുന്നു വെന്നതിന് ഈ ഒരു സംഭവം തന്നെയാണ് ഉദാഹരണം. ഇത് കണ്ടെങ്കിലും നമ്മുടെ മക്കൾ പഠിക്കട്ടെ രക്ഷിതാക്കൾ കൂടുതൽ ഗൗരവം കാണിക്കട്ടെ,സമൂഹം വഴികാട്ടട്ടെ.

