വായനാദിനത്തെ വരവേൽക്കാനൊരുങ്ങി ജി.എം.എൽ.പി. സ്കൂൾ നടുവണ്ണൂർ
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു

നടുവണ്ണൂർ: വായനാദിനത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി ജി.എം.എൽ.പി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ നടുവണ്ണൂർ രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം സന്ദർശിച്ചു. ലൈബ്രറിയുടെ ചരിത്രവും പ്രവർത്തനങ്ങളും കുട്ടികൾ കൗതുകപൂർവ്വം ചോദിച്ചറിഞ്ഞു. വിവിധ വാരികകൾ, മാസികകൾ, ബാലസാഹിത്യങ്ങൾ, ഗ്രന്ഥകാരന്മാർ ഉൾപ്പെടെ പരിചയപ്പെടാൻ കഴിഞ്ഞത് കുട്ടികൾക്ക് നല്ല അനുഭവമായി.
ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച പരിപാടി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ സി. സുധീഷ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ. ആലി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ മുബീർ, വിദ്യാരംഗം കൺവീനർ അമൃത എം.പി., ഇ. സുരേഷ് ബാബു, അസ്മ യു.കെ. എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി എം.എൻ. ദാമോദരൻ സ്വാഗതവും ലൈബ്രേറിയൻ വി.പി. സുബൈദ നന്ദിയും പറഞ്ഞു.
വായനാ വാരാചരണത്തിന്റെ ഭാഗമായി സാഹിത്യകാരന്മാരുമായി അഭിമുഖം, പതിപ്പ് നിർമാണം, ക്വിസ് മത്സരം, ലൈബ്രറി നവീകരണം, അമ്മ വായന, പ്രസംഗം മത്സരം എന്നിവയും സ്കൂളിൽ സംഘടിപ്പിക്കും.