ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ചെണ്ട പരിശീലനം
മഴവിൽ മ്യൂസിക് അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി

നടുവണ്ണൂർ: പഠനത്തിനും, ജീവിതത്തിനും പുതു താളമായി നടുവണ്ണൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ചെണ്ട പരിശീലനം. ലയം, വർണം, അരങ്ങ്, നടനം, ഫിലിം ക്ലബ് എന്നീ അഞ്ചു വിഭാഗങ്ങളിലായി സംഗീതം, ചിത്രരചന, അഭിനയം, നൃത്തം, സിനിമ എന്നിവയിലെ പ്രതിഭകളെ കണ്ടെത്താനും പരിശീലനം നൽകാനുമുള്ള സ്കൂളിന്റെ തനതു പ്രവർത്തനമാണ് മഴവിൽ കലാകൂട്ടായ്മ.
15 വർഷമായി തുടരുന്ന കൂട്ടായ്മ ആരംഭിച്ചത് സ്കൂളിലെ ചിത്ര കലാ അദ്ധ്യാപകനായ രാജീവൻ കെ.സിയാണ്. ഇപ്പോൾ ഷാജി കാവിൽ, സുരേഷ് ബാബു എ.കെ. എന്നീ അദ്ധ്യാപകരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്. മഴവിൽ മ്യൂസിക് അക്കാദമിയുടെ (എം.എം.എ.) ചെണ്ട പരിശീലനത്തിൽ 25 കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമായി 15 പേരുമാണുള്ളത്. രണ്ടു ബാച്ചായി സ്കൂൾ സമയത്തിന് ശേഷമാണു പരിശീലനം.
പ്രശസ്ത ചെണ്ട വാദ്യ കലാകാരൻ സി.പി. ഉണ്ണിയും, മകൻ സുധിൻ നടുവണ്ണൂരുമാണ് പരിശീലനം നൽകുന്നത്. സ്കൂൾ എസ്.എം.സിയുടെയും, രക്ഷിതാക്കളുടെയും നല്ല പിന്തുണയിൽ തുടരുന്ന പരിശീലനം ഫെബ്രുവരിയിൽ അരങ്ങിലെത്തിക്കാനാണ് ശ്രമം.