പ്രവൃത്തിപരിചയ മേളയിൽ വോളിബോൾ നെറ്റും ചോക്ക് നിർമ്മാണവും കുട നിർമ്മാണവും ഇനി മത്സരമല്ല
ശാസ്ത്രോത്സവങ്ങൾക്ക് ഇനി എളുപ്പപ്പണിയില്ല;മൂല്യനിർണയത്തിന് കുട്ടികൾ ഇടപെടുന്ന വീഡിയോ നൽകണം

തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ മാന്വൽ വർഷങ്ങൾക്ക് ശേഷം പരിഷ്കരിച്ചു. പുതിയ മാനവിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം വർക്കിംഗ് മോഡൽ സ്റ്റിൽ മോഡൽ എന്നിവകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വീഡിയോ സമർപ്പിക്കണം എന്നതാണ്.ഇവ കുട്ടികളാണ് നിർമ്മിച്ചത് എന്ന് തെളിയിക്കുന്ന 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് മൂല്യനിർണയ സമയത്ത് സമർപ്പിക്കേണ്ടത്.ഇതോടൊപ്പം നിലവിലുള്ള കുറേ ഇനങ്ങൾ പ്രവർത്തിപരിചയ മത്സര നിങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വർഷങ്ങളായി നിരവധി കുട്ടികൾ മത്സരിക്കുന്ന വോളിബോൾ ബാഡ്മിൻറൺ നെറ്റ് നിർമ്മാണം ചോക്ക് നിർമ്മാണം ചന്ദനത്തിരി നിർമ്മാണം കുട നിർമ്മാണം എന്നിവ ഇനിമുതൽ മത്സരയിനം ആവില്ല. നിലവിലുള്ള മാന്വൽ പ്രകാരം ഒരുക്കങ്ങൾ നടത്തുമ്പോൾ പ്രായോഗികമായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് മാന്വൽ പരിഷ്കരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ്. സർക്കാർ ഭേദഗതിവരുത്തി ഉത്തരവിറക്കിയത്. എൽ പി വിഭാഗത്തിൽ 5 ഇനങ്ങളിലായിട്ടാണ് മത്സരം നടത്തേണ്ടത്. ഈ വിഭാഗത്തിൽ എല്ലാം മത്സരവും ഉപജില്ലാതലത്തിൽ അവസാനിക്കും. ഭേദഗതി പ്രകാരം എൽ പി യു പി വിഭാഗങ്ങളിൽ നിന്ന് ക്വിസ് മത്സരത്തിനും രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം.ഹൈസ്കൂൾ തലത്തിൽ ടെക്നിക്കൽ മേള നടക്കുന്ന എച്ച്ആർഡി സ്കൂളുകൾക്ക് പങ്കെടുക്കാൻ കഴിയില്ല.ഹൈസ്കൂൾ ഇനത്തിൽ നേരത്തെ 4 വ്യക്തികത ഇനങ്ങളിൽ പങ്കെടുക്കാമെങ്കിൽ ഇനിയത് മൂന്നെണ്ണമാണ്. ഹയർസെക്കൻഡറിയിൽ വ്യക്തിഗതമായി പങ്കെടുക്കാവുന്നത് 9 ഇനങ്ങൾ എന്നത് ഏഴ് ഇനമാക്കി കുറച്ചു. ഹയർസെക്കൻഡറിയിലും വ്യക്തിഗതയിനങ്ങൾ മൂന്നെണ്ണമേ പാടുള്ളൂ.
പ്രവൃത്തി പരിചയത്തിൽ എൽപി യുപി ഭാഗങ്ങൾക്ക് പനയോല കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, വോളിബോൾ നെറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം, എന്നിവ ഒഴിവാക്കി. പകരം ഒറിഗാമി, പോട്ടറി, പെയിൻറിംഗ്, പോസ്റ്റർ ഡിസൈൻ, എന്നിവ ഉൾപ്പെടുത്തി. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് ചന്ദനത്തിരി നിർമ്മാണം, പ്ലാസ്റ്റർ ഓഫ് പാരീസ് നിർമ്മാണം, പനയോല /തഴയോല ഉൽപ്പന്ന നിർമ്മാണം, കുട നിർമ്മാണം, വോളിബോൾ നെറ്റ് നിർമ്മാണം, ചോക്ക് നിർമ്മാണം, എന്നിവ ഒഴിവാക്കി. പകരം ക്യാരിബാഗുകളുടെ നിർമ്മാണം, ഫൈബർ ഫാബ്രിക്കേഷൻ, നൂതനാശയ പ്രവർത്തന മോഡൽ, ലോഹത്തകിടിൽ ദ്വിമാനരൂപ ചിത്രണം, പോസ്റ്റർ ഡിസൈനിങ്, പോട്ടറി പെയിൻറിംഗ്, കവുങ്ങിൻ പോള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തി.