സ്കൂളിൽ കുട്ടികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം ചൊല്ലിച്ചു; അധ്യാപകനെതിരെ നടപടി
ആലപിക്കുന്ന സമയത്ത് ഗണഗീതം ആണെന്ന് മനസ്സിലായില്ലെന്ന് പ്രധാനധ്യാപിക
മലപ്പുറം: തിരൂരിലെ ആലത്തിയൂർ കെഎംഎച്ച്എസ് സ്‌കൂളിൽ കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വിദ്യാർഥികൾ ആർഎസ്എസിൻ്റെ ഗണഗീതം ആലപിച്ചത് വിവാദമായി. വിദ്യാർത്ഥികൾ ആലപിക്കാൻ തിരഞ്ഞെടുത്ത ഗാനങ്ങൾ മുൻകൂട്ടി പരിശോധിച്ചിരുന്നില്ലെന്നും ഇത് അബദ്ധം പറ്റിയതാണെന്നും ആണ് സ്‌കൂൾ അധികൃതർ നൽകിയ പ്രാഥമിക വിശദീകരണം. സംഭവം വിവാദമായതിനെ തുടർന്ന് സ്കൂളിൽ ഗാന്ധിദർശൻ ചാർജുള്ള അധ്യാപകനെ ഒഴിവാക്കി നടപടിയെടുത്തു.ഇദ്ദേഹമാണ് പരിപാടി ആസൂത്രണം ചെയ്തതെന്നാണ് പറയപ്പെടുന്നത്.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്നത് പതിവാണ്. എന്നാൽ, അന്നേ ദിവസം കുട്ടികൾ അബദ്ധത്തിൽ ഗണഗീതം പാടിയതാണെന്നാണ് സ്കൂളിന്റെ വാദം. സാധാരണയായി ആർഎസ്എസ് ശാഖകളിൽ ആലപിക്കാറുള്ള ഈ ഗാനം, സ്കൂളുകളിലെ സ്വാതന്ത്ര്യദിന പരിപാടികളിൽ ഉപയോഗിക്കാറില്ല.

