കാസര്‍കോട് പീഢനം; ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു
എഇഒ, യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട. ഉദ്യോഗസ്ഥര്‍ എന്നിവരടക്കമുള്ളവരാണ് കേസിലെ പ്രതികള്‍

കാസര്‍കോട്: പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സൈനുദ്ദീനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കി. ഗേ ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതികൾ പതിനാറുകാരനായ വിദ്യാർത്ഥിയെ പരിചയപ്പെട്ടത്. കേസിൽ പതിനാല് പ്രതികളാണുളളത്. ഇവരിൽ ആറ് പേരെയാണ് ഇതുവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എഇഒയ്ക്കൊപ്പം യൂത്ത് ലീഗ് പ്രാദേശിക നേതാവ്, ആര്‍പിഎഫ് റിട്ട ഉദ്യോഗസ്ഥര്‍ എന്നിവർ അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍. മിക്ക പ്രതികളും ഒളിവിലാണെന്നാണ് വിവരം. ഇവര്‍ക്കായുള്ള അന്വേഷണം ജില്ലയുടെ പുറത്തും വ്യാപിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും.
വിദ്യാർത്ഥിയുടെ അമ്മയുടെ ഇടപെടലിലാണ് വിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു. തുടർന്ന് സംശയം തോന്നിയ അമ്മ വിദ്യാർത്ഥിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീര്‍ഘകാലമായി പലരും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. പ്രതികള്‍ എല്ലാവരും സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ളവരാണ്. അഞ്ചുപേര്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ് എന്നാണ് വിവരം. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാർക്കാണ് അന്വേഷണത്തിന്റെ ചുമതല.