മീറ്റ് ദ ജേണലിസ്റ്റ് മുഖാമുഖം പരിപാടിയുമായി കൊയിലാണ്ടി ജി വി എച്ച് എസ് എസ് മീഡിയ ക്ലബും, ലൈബ്രറിയും
മനുഷ്യൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ടൂളാണ് ജേണലിസമെന്ന് അനൂപ് ദാസ് പറഞ്ഞു.

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് ജേണലിസം വിദ്യാർത്ഥികളുടെ മീഡിയ ക്ലബും,ലൈബ്രറി കമ്മിറ്റിയും സംയുക്തമായി മീറ്റ് ദ ജേണലിസ്റ്റ് മുഖാമുഖം പരിപാടി നടത്തി. മാതൃഭൂമി ന്യൂസ് സീനിയർ റിപോർട്ടർ (ഡൽഹി) അനൂപ് ദാസ് വിദ്യാർത്ഥികളുമായി സംവദിച്ചു.
മനുഷ്യൻ്റെ നന്മക്ക് വേണ്ടി നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും ശക്തമായ ടൂളാണ് ജേണലിസമെന്ന് അനൂപ് ദാസ് പറഞ്ഞു. മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും പേരിൽ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമ പ്രവർത്തനം ഇന്ത്യയിൽ വ്യാപകമാണ്. കുടിക്കാൻ നല്ല വെള്ളവും പഠിക്കാൻ നല്ല സ്കൂളുകളും അന്തിയുറങ്ങാൻ വീടുകളും ഇല്ലാത്ത ദരിദ്ര ജനതയോട് കാണിക്കേണ്ട പ്രതിബദ്ധത കൂടിയാണ് മാധ്യമ പ്രവർത്തനമെന്നും അനൂപ് ദാസ് കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ ദരിദ്ര ജനതയുടെ ജീവിത ദുരിതം പ്രതിഫലിപ്പിക്കുന്ന അനൂപ് ദാസിൻ്റെ റിപോർട്ടുകളെ അധികരിച്ചുള്ള ചർച്ചയും നടന്നു. മീഡിയ ക്ലബ് കോ ഓർഡിനേറ്റർ മാരായ പ്രിയംവദ ,സ്നിഗ്ദ്ധ സി, ലൈബ്രറി ഇൻ ചാർജ് ഫൈസൽ പൊയിൽക്കാവ്, മീഡിയ ക്ലബ് ചീഫ് കോ ഓർഡിനേറ്റർ സാജിദ് അഹമ്മദ്, സ്റ്റാഫ് സെക്രട്ടറി ഷൈജു എന്നിവർ സംസാരിച്ചു.