സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇനി കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നീ ഇനങ്ങളും; ഉത്തരവിറക്കി സർക്കാർ
കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം :സംസ്ഥാന സ്കൂൾ കായിക മേളയിൽ കളരിപ്പയറ്റ്, ഫെൻസിങ്, യോഗ എന്നിവ മത്സര ഇനങ്ങളിൽ ഉൾപ്പെടുത്തി ഉത്തരവിറക്കി സർക്കാർ. അണ്ടർ 17,19 (ബോയ്സ്, ഗേൾസ്) വിഭാഗങ്ങളായാണ് കളരിപ്പയറ്റ് നടത്തുക. ഫെൻസിങും യോഗയും അണ്ടർ 14,17 (ബോയ്സ്, ഗേൾസ്) വിഭാഗങ്ങളിലായും നടത്തും.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയിൽ സർക്കാർ ഉത്തരവിറക്കി.അതേസമയം ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന 67-ാം മത് സംസ്ഥാന സ്‌കൂൾ കായികമേള ഒക്ടോബർ 21 വൈകിട്ട് നാലിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
12 സ്റ്റേഡിയങ്ങളിലായാണ് കായിക മത്സരങ്ങൾ നടത്തുക. കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി രാജ്യാന്തര ക്രിക്കറ്റ് താരം സഞ്ജു സാംസണെയും ഗുഡ്‌വിൽ അംബസഡറായി നടി കീർത്തി സുരേഷിനെയും പ്രഖ്യാപിച്ചിരുന്നു.