കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ സ്നേഹ സമ്മാനമായ ഗാന്ധിശില്പം കോക്കല്ലൂർ വിദ്യാലയത്തിൽ അനാച്ഛാദനം ചെയ്തു
ജില്ല പഞ്ചായത്ത് മെമ്പർ പി.പി. പ്രേമ അനാച്ഛാദനകർമ്മം നിർവഹിച്ചു
ബാലുശ്ശേരി: കോഴിക്കോട് ജില്ല പഞ്ചായത്തിന്റെ സ്നേഹസമ്മാനമായ ഗാന്ധിശില്പം കോക്കല്ലൂർ സർക്കാർ വിദ്യാലയ മുറ്റത്ത് ജില്ല പഞ്ചായത്ത് മെമ്പർ പി.പി. പ്രേമ അനാച്ഛാദനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ എൻ.എം. നിഷ സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് അജീഷ് ബക്കീത്ത അദ്ധ്യക്ഷനായി. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായി.
ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ. അശോകൻ, പി.ടി.എ. വൈസ് പ്രസിഡന്റ് എ.പി. പ്രകാശൻ, ഹെഡ് മാസ്റ്റർ യൂസുഫ് നടുവണ്ണൂർ, ഗാന്ധി ശില്പം രൂപകല്പന ചെയ്ത ശില്പി ഗുരുകുലം ബാബു എന്നിവർ സംസാരിച്ചു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ താങ്ങും തണലുമായി കർമ്മനിരതയായി പ്രവർത്തിച്ച ജില്ല പഞ്ചായത്ത് മെമ്പർ പി.പി. പ്രേമയ്ക്ക് സ്കൂളിന്റെ സ്നേഹോപഹാരം പ്രിൻസിപ്പാളും ഹെഡ് മാസ്റ്ററും പി.ടി.എ. പ്രസിഡന്റും ചേർന്ന് സമ്മാനിച്ചു.
'സമാധാന ദൂതൻ ഗാന്ധിജി' എന്ന പേരിൽ സ്കൗട്ട് ട്രൂപ്പ് ത്രിവർണ്ണ പതാക പശ്ചാത്തലമാക്കിക്കൊണ്ട് വർണ്ണാഭമായ ഗാന്ധിജിയുടെ അനേകം ചിത്രങ്ങൾ കൈകളിലേന്തി സ്കൗട്ട് - ഗൈഡ് യൂണിഫോമിൽ അണിനിരന്ന് ഡിസ്പ്ലേ ഒരുക്കിയത് അനാച്ഛാദന ചടങ്ങിന് മിഴിവേകി. എൻ.എസ്.എസ്. വളണ്ടിയർമാരും ജെ.ആർ.സി. അംഗങ്ങളും രക്ഷിതാക്കളും സ്കൂൾ കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.

