വെള്ളിയൂർ എ.യു.പി. സ്കൂളിൽ സുരക്ഷാ ക്ലാസ് സംഘടിപ്പിച്ചു
സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു
നൊച്ചാട്: മേപ്പയൂർ സലഫി കോളേജ് ഓഫ് ടീച്ചർ എജുക്കേഷനും ബാലുശ്ശേരി കെ.ഇ.ടി. കോളേജ് ഓഫ് ടീച്ചർ എജുക്കേഷനും ചേർന്ന് വെള്ളിയൂർ എ.യു.പി. സ്കൂളിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു.
അപകട രഹിതമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കുന്നതിന് നിത്യ ജീവിതത്തിൻ്റെ ഭാഗമാക്കേണ്ടുന്ന സുരക്ഷാ ശീലങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. അഗ്നിബാധ പ്രതിരോധത്തിനായി സ്കൂളുകളിൽ സ്ഥാപിച്ചിരിക്കുന്ന ഫയർ എക്സ്റ്റിങ്യൂഷറുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രായോഗിക പരിശീലനം നൽകി. ഗ്യാസ് ലീക്ക് അപകടങ്ങളുടെ മുൻകരുതൽ മാർഗ്ഗങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും വിശദീകരിച്ചു. അടിയന്തരഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനത്തിന് സാധ്യമാകുന്ന സി.പി.ആർ. നൽകുന്നതിലും പരിശീലനം കൊടുത്തു.
ചടങ്ങിൽ സ്കൂൾ പ്രധാനധ്യാപിക ടി.കെ. സനിത അദ്ധ്യക്ഷയായി. അളകനന്ദ, അഞ്ജലി, ശരണ്യ, ഷാന, ഐശ്വര്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഷാഹിദ് സ്വാഗതവും അർജുൻ എസ്. നന്ദിയും പറഞ്ഞു.

