പേരമ്പ്ര ഉപജില്ലാ കലോത്സവം സെൻ്റ് ഫ്രാൻസിസിനും പേരാമ്പ്ര ഹൈസ്കൂളിനും ചാമ്പ്യൻഷിപ്പ്
ആറ് വിഭാഗങ്ങളിൽ നടുവണ്ണൂർ ജിഎച്ച്എസ്എസ് രണ്ടാമത്
നടുവണ്ണൂർ: മൂന്ന് ദിവസമായി നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു വരുന്ന പേരാമ്പ്ര ഉപജില്ല കലോത്സവത്തിന് സമാപനമായി. മത്സരങ്ങളുടെ അന്തിമഫലം വന്നപ്പോൾ എൽ പി ജനറൽ വിഭാഗത്തിലും യുപി ജനറൽ വിഭാഗത്തിലും യഥാക്രമം 65, 80 പോയിന്റുകളുമായി സെൻറ് ഫ്രാൻസിസ് സ്കൂൾ പേരാമ്പ്ര വിജയികളായി. ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 269 പോയിന്റോടെയും ഹയർസെക്കൻഡറി വിഭാഗത്തിൽ 237 പോയിന്റോടെയും പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ ഇരട്ട കിരീടം നേടി. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ യഥാക്രമം 248, 218 പോയിന്റുകളുമായി നടുവണ്ണൂർ ജിഎച്ച്എസ്എസ് ആണ് രണ്ടാമത്.
എൽ പി സംസ്കൃതത്തിൽ കൽപ്പത്തൂർ സ്കൂൾ 91പോയിൻറ് നേടി ചാമ്പ്യന്മാരായി. യുപി സംസ്കൃതത്തിലും 91 പോയിന്റുമായി കൽപ്പത്തൂർ യുപി സ്കൂളാണ് ചാമ്പ്യന്മാർ. ഹൈസ്കൂൾ സംസ്കൃതത്തിൽ 95 പോയിന്റ് നേടി പേരാമ്പ്ര വിജയിച്ചു. അറബിക് കലോത്സവത്തിൽ എൽ പി വിഭാഗത്തിലും യുപി വിഭാഗത്തിലും എയുപി സ്കൂൾ വെള്ളിയൂർ ചാമ്പ്യന്മാരായി.എൽ പി വിഭാഗത്തിൽ 43 പോയിന്റും യു പി ഭാഗത്തിൽ 65 പോയിന്റുമാണ് വെള്ളിയൂരിന് സ്വന്തമായത്. യുപി വിഭാഗത്തിൽ 65 പോയിന്റ് നേടിയ ജിഎച്ച്എസ്എസ് നടുവണ്ണൂരും കിരീടം പങ്കിട്ടു. യുപി വിഭാഗം അറബിക് കലോത്സവത്തിൽ ചാമ്പ്യൻസ് പങ്കിട്ട ജിഎച്ച്എസ്എസ് നടുവണ്ണൂരിലെ അറബിക് അധ്യാപിക ഷക്കീല ടീച്ചറും എയുപി സ്കൂൾ വെള്ളിയൂരിലെ അറബിക് അധ്യാപകൻ മുഹമ്മദലി മാഷും ഒരുമിച്ച് കപ്പ് സ്വീകരിച്ചത് സമാപനച്ചടങ്ങിലെ കൗതുക കാഴ്ചയായി. കഴിഞ്ഞതവണയും കപ്പ് പങ്കിട്ടപ്പോൾ ദമ്പതികളായ ഇവർ തന്നെയായിരുന്നു ഇരു സ്ഥാപനങ്ങൾക്കും വേണ്ടി ട്രോഫി സ്വീകരിച്ചത്.
സമാപന ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വികെ അനിത അധ്യക്ഷം വഹിച്ചു കോഴിക്കോട് എംപി എം കെ രാഘവൻ ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയായി താമരശ്ശേരി സുബൈർ കെ എസ് വിജയികൾക്ക് ഉപഹാരം നൽകി.

