ജാതി അധിക്ഷേപം നടത്തിയെന്ന്; പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം
കേരള സർവകലാശാല സംസ്‌കൃതം മേധാവിക്കെതിരെ പരാതി
തിരുവനന്തപുരം: കേരള സര്‍വകലാ ശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതിയധിക്ഷേപമെന്ന് പരാതി. സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയ കുമാരിയാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെ ജാതി അധിക്ഷേപം നടത്തിയത്. എംഫിലില്‍ തന്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാ ശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു.
സംഭവത്തില്‍ വൈസ് ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍ പരാതി നല്‍കിയിട്ടുണ്ട്. 'എനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് ടീച്ചര്‍ ഭീഷണിപ്പെടുത്തി. സുഹൃത്തുക്കള്‍ക്ക് മുന്നില്‍വെച്ച് മാനസികമായി നാണം കെടുത്തി. ഓപ്പണ്‍ ഡിഫന്‍സില്‍ മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. എംഫില്‍ പഠിക്കുമ്പോള്‍ തന്നെ പട്ടികജാതിയില്‍ പെട്ടയാളെന്ന വേര്‍തിരിവ് കാണിച്ചിരുന്നു. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം എന്ന് പറഞ്ഞ് അധിക്ഷേപിച്ചു. താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്ന് പറഞ്ഞു. മറ്റ് പല കുട്ടികള്‍ക്കും ഇതേ അനുഭവം ഉണ്ടായി. പഠനം പൂര്‍ത്തിയാക്കാന്‍ വേണ്ടി എല്ലാം കണ്ടില്ലെന്ന് നടിച്ചു. എതിര്‍ത്താല്‍ ഒന്നുമില്ലാത്ത അവസ്ഥയിലാകും. പിഎച്ച്ഡി നല്‍കില്ല, അര്‍ഹതയില്ലെന്ന് പറഞ്ഞു. മാനസികമായി തളര്‍ന്നു. നിയമപരമായി മുന്നോട്ട് പോകും', വിപിന്‍ വിജയന്‍ പറഞ്ഞു.

