ജാതി അധിക്ഷേപ പരാതിയില്‍ സംസ്‌കൃതം മേധാവി സി എന്‍ വിജയകുമാരിക്കെതിരെ കേസെടുത്തു
പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ജാതി അധിക്ഷേപ പരാതിയില്‍ കേസെടുത്ത് പൊലീസ്. ഗവേഷക വിദ്യാര്‍ത്ഥിയുടെ പരാതിയിൽ സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിക്കെതിരെ പട്ടികജാതി- പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയനാണ് ജാതി അധിക്ഷേപത്തിന്റെ പേരില്‍ പരാതി നല്‍കിയത്.
'നിനക്ക് എന്തിനാണ് ഡോക്ടര്‍ എന്ന വാല്, നിനക്ക് വാലായി നിന്റെ ജാതിപ്പേര് ഉണ്ടല്ലോ' റിപ്പോര്‍ട്ടില്‍ ഒപ്പിട്ട് നല്‍കുമോ എന്ന് ചോദിച്ച വിദ്യാര്‍ത്ഥിയോട് വകുപ്പ് മേധാവി പറഞ്ഞതായി എഫ്‌ഐആറില്‍ വ്യക്തമാക്കി. 2015ല്‍ വിപിന്‍ എംഫില്‍ പഠിക്കുമ്പോള്‍ മുതല്‍ വിജയ കുമാരിയായിരുന്നു ഗൈഡ്. അന്ന് മുതല്‍ വിപിനെ ജാതിക്കാര്യം പറഞ്ഞ് അധിക്ഷേപിക്കാറുണ്ടായിരുന്നു. പുലയനും പറയനും വന്നതോടെ സംസ്‌കൃതത്തിന്റെ മഹിമ നഷ്ടപ്പെട്ടെന്നും വിജയകുമാരി പറഞ്ഞതായി എഫ്‌ഐആറില്‍ പറയുന്നു. നിന്നെ പോലുള്ള നീച ജാതിക്കാര്‍ എത്ര ശ്രമിച്ചാലും സംസ്‌കൃതം പഠിക്കാനാവില്ല എന്ന് പ്രതി നിരന്തരം പറയുമായിരുന്നെന്നും വിദ്യാര്‍ത്ഥി കയറിയ റൂം അശുദ്ധമായി എന്ന് പറഞ്ഞ് ശുദ്ധീകരിക്കാന്‍ വെള്ളം തളിക്കുമായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
അതേസമയം, സംഭവത്തില്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തിയിരുന്നു. നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍വകലാശാല വി സിക്കും രജിസ്ട്രാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ആരോപണ വിധേയയായ ഫാക്കല്‍റ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വി സിയ്ക്ക് നല്‍കിയ കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

