അർദ്ധ വാർഷിക സ്കൂൾ പരീക്ഷകൾ ഡിസംബർ 15ന് ആരംഭിക്കും
പരീക്ഷ നടത്തിപ്പിനായി ക്രിസ്തുമസ് അവധി പുനക്രമീകരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് താളം തെറ്റിയ സ്കൂൾ അർദ്ധ വാർഷിക പരീക്ഷകൾ പുനക്രമീകരിക്കാൻ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ.ഇത് പ്രകാരം ഡിസംബർ 15ന് പരീക്ഷ ആരംഭിക്കും ഒറ്റ ഘട്ടമായി നടക്കുന്ന പരീക്ഷ 23ന് പൂർത്തിയാക്കി സ്കൂളുകൾ അടയ്ക്കും. ജനുവരി അഞ്ചിനാകും സ്കൂൾ തുറക്കുക.
ഹയർസെക്കൻഡറി ഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്കൂൾ തുറന്നശേഷം ജനുവരി 7ന് നടക്കുന്ന രീതിയിൽ ടൈം ടേബിൾ ക്രമീകരിക്കും. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ക്യു ഐ പി യോഗത്തിലാണ് എടുക്കുക.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വോട്ടിങ്ങിനു മുൻപും ശേഷവുമായി രണ്ട് ഘട്ടമായി പരീക്ഷ നടത്താൻ സാധ്യത തേടിയിരുന്നു. എന്നാൽ അവധിക്ക് മുൻപും ശേഷവും ഉള്ള പരീക്ഷ വിദ്യാർഥികൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുമെന്ന് വിലയിരുത്തിയാണ് ഒറ്റ ഘട്ടമായി തന്നെ സ്കൂൾ പരീക്ഷ നടത്താൻ തീരുമാനിച്ചത്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതൽ 18 വരെയായിരുന്നു പരീക്ഷ നടക്കേണ്ടത്.

