മലയാള ഭാഷാ ബോധന നിയമം; സ്‌കൂളുകളിൽ പരിശോധനയ്ക്കായി സമിതിയെ നിയമിച്ചു
പേരാമ്പ്ര ഉപജില്ലയിലെ സ്കൂളുകളിലെ പരിശോധന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ടി പ്രമോദ് ഉദ്ഘാടനം ചെയ്തു.
പേരാമ്പ്ര:മലയാളഭാഷാ ബോധന നിയമം, മലയാളഭാഷാ പഠനചട്ടങ്ങൾ എന്നിവ പ്രകാരം എല്ലാ സ്കൂളുകളിലും ഒന്നു മുതൽ 10 വരെ മലയാള പഠനം കാര്യക്ഷമ മായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ വിദ്യാഭ്യാസ ജില്ലാ ഓഫീസർ കെ കെ സുബൈറിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചു. 15 മലയാളം അധ്യാപകരാണ് സമിതിയിൽ ഉള്ളത്.
വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഉപജില്ലകളിലും സമിതി പരിശോധന നടത്തും. പേരാമ്പ്ര ഉപജില്ലയിലെ സ്കൂളുകളിലെ പരിശോധന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം ടി പ്രമോദ് ഉദ്ഘാടനം ചെയ്തു. നസീർ നൊച്ചാട്, വി സുധേഷ്, സുനിത കെ എന്നിവർ അടങ്ങുന്ന പാനൽ ആണ് വിദ്യാഭ്യാസ ജില്ല ഓഫീസറുടെ പ്രതിനിധികളായി സ്കൂളുകൾ പരിശോധിക്കുന്നത്.
പേരാമ്പ്ര ഉപജില്ലയിലെ സ്കൂളുകൾ പരിശോധിച്ചു ജനുവരി പത്തിന് റിപ്പോർട്ട് സമർപ്പിക്കും. ഈ നിയമപ്രകാരം കേരളത്തിലെ എല്ലാ സ്കൂളുകളിലും എസ് സി ആർ ടി പാ ഠപുസ്തകങ്ങൾ നിർബന്ധ മായും പഠിപ്പിച്ചിരിക്കേണ്ടതുണ്ട്. മലയാളഭാഷ സംസാരിക്കുന്നതിന് ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പാടില്ല. ഈ കാര്യങ്ങളും അധ്യാപകരുടെ പാനൽ പരിശോധിക്കും.

