2027 സെൻസസ് പ്രാധാന്യവും സമയക്രമവും
സെൻസസ് കൃത്യവും സുതാര്യവുമായ വിവരങ്ങൾ കൈമാറാനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ട്
കോഴിക്കോട്: സെൻസസ് 2027 നടക്കുകയാണല്ലോ. ഓരോ പത്തു വർഷം കൂടുമ്പോഴും ഇന്ത്യയിൽ സെൻസസ് നടക്കാറുണ്ട്. അവസാനം നടന്നത് 2011ലാണ്. 2021 ൽ നടക്കേണ്ട സെൻസസ് കോവിഡ് കാരണം മുടങ്ങി പോയി. അന്ന് നടക്കാത പോയ സെൻസസ് ആണ് ഇപ്പോൾ നടക്കുന്നത്. സെൻസസ് കൃത്യമായി നടക്കണമെന്നുള്ളത് ഭരണകർത്താക്കളുടെ മാത്രമല്ല രാജ്യത്തെ ഓരോ പൗരന്റേയും ഉത്തരവാദിത്വം കൂടിയാണ്. സെൻസസുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമവ്യവസ്ഥകൾ, സമയക്രമം, പ്രാധാന്യം, ഉത്തരവാദിത്വങ്ങൾ, ശിക്ഷാ നടപടികൾ എന്നിവ ഇങ്ങനെയാണ്.
കേരള സർക്കാർ 1948-ലെ Census Act-ലെ വകുപ്പ് 15-ഉം 1990-ലെ Census Rules-ലെ Rule 8(ii)-ഉം പ്രകാരം 2026-ലെ ജനസംഖ്യാ സെൻസസുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
സെൻസസ് സമയക്രമം. -സ്വയം എണ്ണൽ (Self-Enumeration): 2026 ജൂൺ 16 മുതൽ 30 വരെ. വീടുതോറുമുള്ള ജനസംഖ്യാ സെൻസസ്: 2026 ജൂലൈ 1 മുതൽ 30 വരെ.
സെൻസസിന്റെ പ്രാധാന്യം.-സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിഭവവിതരണം, പാർലമെന്റ്, നിയമസഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ഡല പുനർനിർണ്ണയം, സംവരണം എന്നിവയ്ക്ക് അടിസ്ഥാനമായി ഉപയോഗിക്കുന്നു.
നിയമപ്രകാരമുള്ള പ്രധാന ബാധ്യതകൾ:-
വകുപ്പ് 8 – ചോദ്യങ്ങൾക്ക് മറുപടി നൽകൽ .സെൻസസ് ഉദ്യോഗസ്ഥർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഓരോ വ്യക്തിയും തന്റെ അറിവിനും വിശ്വാസത്തിനും അനുസരിച്ച് കൃത്യവും സത്യസന്ധവുമായ മറുപടി നൽകേണ്ടത് നിയമപരമായ ബാധ്യതയാണ്.
വകുപ്പ് 9 – സെൻസസ് ഉദ്യോഗസ്ഥർക്ക് പ്രവേശനം.:വീടുകളിലും സ്ഥാപനങ്ങളിലും സെൻസസ് ആവശ്യത്തിനായി ഉദ്യോഗസ്ഥർക്ക് യുക്തിസഹമായ പ്രവേശനം അനുവദിക്കണം. സെൻസസ് ആവശ്യത്തിനായി രേഖപ്പെടുത്തുന്ന നമ്പറുകളോ അടയാളങ്ങളോ പതിപ്പിക്കുന്നതിനും അനുവദിക്കണം.
വകുപ്പ് 10 – സെൻസസ് ഷെഡ്യൂൾ പൂരിപ്പിക്കൽ : സെൻസസ് ഉദ്യോഗസ്ഥർ നൽകുന്ന ഷെഡ്യൂൾ കൃത്യമായി പൂരിപ്പിച്ച് ഒപ്പുവെച്ച് ആവശ്യപ്പെട്ടാൽ തിരികെ കൈമാറണം.
വകുപ്പ് 11 – നിയമലംഘനങ്ങളും ശിക്ഷയും : മനഃപൂർവ്വം തെറ്റായ വിവരം നൽകുക, മറുപടി നൽകാൻ വിസമ്മതിക്കുക, സെൻസസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കർത്തവ്യനിർവഹണം തടസ്സപ്പെടുത്തുക, സെൻസസ് ആവശ്യത്തിനായി രേഖപ്പെടുത്തിയ നമ്പറുകളോ അടയാളങ്ങളോ മായ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യുക,ഷെഡ്യൂൾ പൂരിപ്പിക്കാതിരിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുക എന്നിവ നിയമലംഘനങ്ങളാണ്. ഇത്തരം കുറ്റങ്ങൾക്ക് 1,000 രൂപ വരെ പിഴ ലഭിക്കാം. ചില ഗുരുതര കുറ്റങ്ങളിൽ മൂന്ന് വർഷം വരെ തടവുശിക്ഷയും നിയമം വ്യവസ്ഥ ചെയ്യുന്നു.
വകുപ്പ് 15 – വിവരങ്ങളുടെ രഹസ്യസ്വഭാവം : സെൻസസിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ നിയമപ്രകാരം രഹസ്യമായി സൂക്ഷിക്കപ്പെടുന്നതാണ്. അവ സാധാരണ സിവിൽ അല്ലെങ്കിൽ ക്രിമിനൽ കേസുകളിൽ തെളിവായി ഉപയോഗിക്കാനാവില്ല.
2026-ലെ ജനസംഖ്യാ സെൻസസ് രാജ്യത്തിന്റെ ഭാവി വികസന ആസൂത്രണത്തിന് നിർണായകമാണ്. അതിനാൽ എല്ലാ പൗരന്മാരും കൃത്യമായ വിവരങ്ങൾ നൽകുകയും സെൻസസ് ഉദ്യോഗസ്ഥരോട് പൂർണമായും സഹകരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും നിയമപരവും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. സെൻസസ് ഉദ്യോഗസ്ഥരേയോ അവരുടെ ചോദ്യങ്ങളേയോ സംശയദൃഷ്ടിയോടെ ഒരു കാരണവശാലും കാണരുത്.സെൽഫ് എനുമെറേഷൻ ചെയ്തവർ 12 അക്ക സെൽഫ് എനുമെറേഷൻ ഐ ഡി സെൻസസ് ഉദ്യോഗസ്ഥർ വീട്ടിൽ വരുമ്പോൾ കൊടുക്കണം. പകൽ വീട് പൂട്ടി പോകുന്നവർ ഈ ഐ ഡി കൊടുക്കാനുള്ള സംവിധാനം ചെയ്യുന്നത് നന്നായിരിക്കും.

