കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് 6 പുതിയ അംഗങ്ങൾ
പുതിയ അംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്തതോടെ യുഡിഎഫിന് 14 ഉം എൽ ഡി എഫിന് 7 ഉം അംഗങ്ങൾ ആയി
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിലേക്ക് ആറ് പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്ത് സർക്കാർ ഉത്തരവിറക്കി. ഡോ. ടി.എം. വാസുദേവൻ (പ്രഫസർ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, കാലിക്കറ്റ് സർവകലാശാല), ഡോ. എ.ടി. അബ്ദുൽ ജബ്ബാർ (അസോസിയേറ്റ് പ്രഫസർ, ഇകണോമിക്സ് വിഭാഗം, ഫാറൂഖ് കോളജ്), ഡോ. എ.കെ. ഷാഹിന മോൾ (അസോസിയേറ്റ് പ്രഫസർ, ഇംഗ്ലീഷ് വിഭാഗം, യൂനിറ്റി വിമൻസ് കോളജ്), ജയ്സൺ ജോസഫ് (ഗണിതശാസ്ത്ര വിഭാഗം, കോഴിക്കോട് ദേവഗിരി കോളജ്), ലക്ഷ്മി ആർ. ചന്ദ്രൻ (അസോസിയേറ്റ് പ്രഫസർ, സുവോളജി വിഭാഗം, നെന്മാറ എൻ.എസ്.എസ് കോളജ്), എം. അഹമ്മദ് കബീർ (വിദ്യാർഥി പ്രതിനിധി) എന്നിവരാണ് സർക്കാർ നാമനിർദേശം ചെയ്ത പുതിയ സിൻഡിക്കേറ്റംഗങ്ങൾ.
ഇതോടെ സിൻഡിക്കേറ്റിൽ സർക്കാർ സെക്രട്ടറിമാർ അടക്കം യു.ഡി.എഫിന് 14 അംഗങ്ങളുടെ പ്രാതിനിധ്യമായി. എൽ.ഡി.എഫ് അംഗങ്ങൾ ഏഴായി ചുരുങ്ങി. ബി.ജെ.പിക്ക് സിൻഡിക്കേറ്റിൽ ഒരു പ്രതിനിധിയാണുള്ളത്. മുൻ സർക്കാറിന്റെ കാലയളവിൽ സിൻഡിക്കേറ്റ് നാമനിർദേശത്തിൽ മൂന്ന് അധ്യാപകരും ഒരു വിരമിച്ച അധ്യാപകനും രണ്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഉൾപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ അഞ്ച് അധ്യാപകരെയും ഒരു വിദ്യാർഥി പ്രതിനിധിയെയും രണ്ട് വനിത അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് നാമനിർദേശമുണ്ടായത്.

