headerlogo
education

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത

ആർ രാജശ്രിയുടെ ഈ നോവലിനെപ്പറ്റി ഹയർ സെക്കണ്ടറി മലയാളം അധ്യാപികയായ അഞ്ജു പി എഴുതുന്നു.

 കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത
avatar image

NDR news

02 Aug 2026 03:49 PM

കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത.- ആർ രാജശ്രീ.

        വടക്കേ മലബാറിന്റെ പശ്ചാത്തലത്തിൽ കല്യാണി, ദാക്ഷായണി എന്നീ രണ്ട് സ്ത്രീകളുടെ കഥ പറയുന്ന നോവലാണ് ആർ രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത'. 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ നോവലിന് അവതാരിക എഴുതിയിരിക്കുന്നത് എൻ.ശശിധരൻ ആണ്.

    1977 ജൂലൈ 22ന് കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ ആണ് ആർ രാജശ്രീ ജനിച്ചത്. നിലവിൽ തലശ്ശേരി ഗവ : ബ്രണ്ണൻ കോളേജ് മലയാള പഠന വിഭാഗം- ഗവേഷണ കേന്ദ്രത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്.

       ഫേസ്ബുക്കിലൂടെ ഖണ്ഡശയായി പുറത്തിറങ്ങിയ കഥാപരമ്പര ആഖ്യാനത്തിന്റെ വ്യത്യസ്തത കൊണ്ടും ആർജ്ജവമുള്ള കഥാപാത്രസൃഷ്ടി കൊണ്ടും സൈബർ ലോകത്ത് വലിയ ചർച്ചകൾ സൃഷ്ടിച്ചു. ആസ്വാദക വൃന്ദം ഈ കൃതിയെ ഏറ്റെടുത്തു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു പുറത്തിറക്കിയ ഈ നോവൽ പ്രകാശനത്തിനു മുമ്പേ തന്നെ ആദ്യപതിപ്പ് വിറ്റു തീർന്നു.

       കണ്ണൂരിലെ ഒരു കുഗ്രാമത്തിൽ ജീവിച്ചിരുന്ന രണ്ട് സ്ത്രീകളാണ് കല്യാണിയും ദാക്ഷയണിയും. പേര് സൂചിപ്പിക്കുന്നതുപോലെ കല്യാണിയുടെയും ദാക്ഷായണിയുടെയും ജീവിതകഥ പറയുന്നതിലൂടെ ദേശകാലങ്ങൾക്കപ്പുറത്ത് പിതൃ മേധാവിത്വത്തിന്റെയും സ്ത്രീ സൗഹൃദത്തിന്റെയും അവരുടെ അതിജീവനത്തിന്റെയും സാംസ്കാരിക ചരിത്രം കൂടിയാണ് നോവലിസ്റ്റ് വരച്ചിടുന്നത്.

       ഒരേ ജീവിതത്തിന്റെ പകർപ്പുകളാണ് ഇരുവരും. ഒരുമിച്ച് കളിച്ചു വളർന്ന രണ്ടു പെൺകുട്ടികൾ വിവാഹാനന്തരം രണ്ട് ദിക്കിലേക്ക് പറിച്ചു മാറ്റപ്പെടുന്നു. എന്നാൽ വിവാഹ ജീവിതം ഇരുവർക്കും കാത്തുവെച്ചത് ദുരന്ത ഭൂമികയായിരുന്നു.

      കല്യാണി ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുമ്പോൾ ദാക്ഷായണി തന്റെ ഭർത്താവിൽ നിന്നും ഇറങ്ങിപ്പോരുകയാണ് ചെയ്തത്. ദാക്ഷായണിയെ കാണാൻ ആഴ്ചയിൽ ഒരിക്കൽ അവളുടെ വീട്ടിൽ എത്തുന്ന ഭർത്താവ് അവളുടെ അധ്വാനത്തിന്റെയും ശരീരത്തിന്റെയും പങ്കു പറ്റുകയാണ് ചെയ്യുന്നത്. അതിനപ്പുറത്തേക്ക് അയാൾക്ക് അവളെ ആവശ്യമില്ല. ക്രമേണ ഓരോ ശനിയാഴ്ച യാകുമ്പോഴും ദാക്ഷായണിയുടെ ആതിയേറുകയാണ്. പശുവിനെ വളർത്തിയും മറ്റു ജോലികൾ ചെയ്തും മിച്ചം വയ്ക്കുന്ന തന്റെ കുഞ്ഞു സമ്പാദ്യം യാതൊരു ദയാദാക്ഷിണ്യവും കൂടാതെ അവളുടെ ആണിക്കാരൻ ഭർത്താവ് വാങ്ങിയെടുക്കുകയാണ് ചെയ്തത്. എങ്കിലും ദാക്ഷായണി ശക്തയായ സ്ത്രീ കഥാപാത്രം തന്നെയായിരുന്നു. ഭർത്താവിന്റെ അധിനിവേശത്തേയും അധികാരത്തെയും ചോദ്യം ചെയ്യാൻ തുടങ്ങുന്നതോടെ ഭാര്യയെ നിലയ്ക്കു നിർത്താൻ വേണ്ടി അവളെ ആണിക്കാരൻ ഭർത്താവ് തന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. എന്നാൽ സ്വയം നഷ്ടപ്പെടും എന്ന അവസ്ഥയിൽ ദാക്ഷയണി അയാളെ ധീരമായി ഉപേക്ഷിക്കുന്നു.

     കല്യാണിയുടെ ജീവിതം കുറേക്കൂടി വിചിത്രമായിരുന്നു. ആദ്യ ഭാര്യയുടെ വിയോഗം സമ്മാനിച്ച ദുഃഖത്തിൽ മുങ്ങിപ്പോയ കോപ്പുകാരന്, കല്യാണി തന്റെ ഭാര്യയാണെന്ന ചിന്ത തന്നെ ഉണ്ടായിരുന്നില്ല. കല്യാണിയെ ഉപേക്ഷിച്ച് അയാൾ ആ വീട്ടിൽ നിന്ന് ഇറങ്ങി പോവുകയാണ് ചെയ്യുന്നത്. അതോടെ കല്യാണി അവളുടെ ഇടം കണ്ടെത്തുന്നത് കോപ്പുകാരന്റെ അനുജൻ ലക്ഷ്മണനിലാണ്. ലക്ഷ്മണന്റെ കുഞ്ഞിനെ ഉദരത്തിൽ വഹിക്കുന്ന കല്യാണി സമൂഹത്തിന്റെ കാഴ്ചയിൽ തെറ്റായി തോന്നാമെങ്കിലും, ഒരു ആസ്വാദകയെന്ന നിലയിൽ കല്യാണിയെ വായിക്കുമ്പോൾ, ആ കാലത്തെ അറിയുമ്പോൾ, അതൊരു കാലഘട്ടത്തിന്റെ ആവശ്യമായി, ആ കഥാപാത്രത്തിന്റെ തന്നെ നിലനിൽപ്പിന്റെ ശക്തിയായി മാത്രമേ നമുക്ക് അനുഭവപ്പെടൂ എന്നുള്ളതാണ് ശരി. അതുകൊണ്ടുതന്നെയാണ് അവളുടെ അമ്മായിയമ്മയായ ചേയിക്കുട്ടി എല്ലാം അറിഞ്ഞിട്ടും പലവിധ വൈരുദ്ധ്യങ്ങൾക്കും അഭിപ്രായവ്യത്യാസങ്ങൾക്കും ഇടയിൽ അവളെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതും. രാത്രിയുടെ ഏകാന്തതയിൽ ചേയിക്കുട്ടി വലിച്ചുതീർത്ത ബീഡികൾ അത്രയും അവരുടെ ജീവിതത്തിന്റെ വിഹ്വലതകളായിരുന്നു.

       ചേയിക്കുട്ടിയെ പോലെ തന്നെ ശക്തരായ മറ്റനേകം കഥാപാത്രങ്ങൾ നോവലിൽ ഉണ്ട്.കൈശുമ്മയും കുഞ്ഞിപ്പെണ്ണും അബൂബക്കറും അച്ചൂട്ടി മാഷും..... അങ്ങനെ യങ്ങനെ.

     കല്യാണി മുറ്റമടിക്കുമ്പോൾ ചൂലിന്റെ അടയാള ങ്ങളിലൂടെ ഒരു ദേശത്തിന്റെ വഴികൾ എഴുതുന്നു. ഇത് ദാക്ഷായണിയുടെ വീട്ടിലേക്കുള്ള വഴി, ഇത് മറ്റിടത്തേക്കുള്ള വഴി.... എന്നിങ്ങനെ. നോവലിന്റെ മുഖചിത്രത്തിൽ ഉള്ള ചൂല് കല്യാണിക്ക് ദേശങ്ങളെ വരയ്ക്കാനുള്ള ഉപകരണമാണ് എന്ന് വി ആർ സുധീഷ് അഭിപ്രായപ്പെടുന്നുണ്ട്.

     അടിസ്ഥാനപരമായി സ്ത്രീപക്ഷമെന്നോ ഫെമിനിസ്റ്റ് എന്നോ തോന്നാമെങ്കിലും പുരുഷനൊപ്പം തന്നെ തന്റെ അസ്തിത്വത്തെ കണ്ടെത്താനുള്ള ശ്രമമാണ്,അതിന്റെ ഉറച്ച സ്വാതന്ത്ര്യ പ്രഖ്യാപനമാണ് കല്യാണി,ദാക്ഷയണി എന്നീ കഥാപാത്രങ്ങൾ നടത്തുന്നത്.

      കല്യാണിയും ദാക്ഷായണിയും രണ്ടല്ല., ഒന്നാണ്. ഒരേ ജീവിതത്തിന്റെ പകർപ്പുകളാണ്. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. കാലം തെറ്റിപ്പിറന്ന ശക്തരായ രണ്ട് സ്ത്രീ കഥാപാത്രങ്ങൾ.

 കണ്ണൂരിന്റെ വാമൊഴി ഭാഷയിൽ ചാലിച്ച് പ്രാദേശിക ചൂടും ചൂരും നിലനിർത്തി, ഫിക്ഷനുമായി ചേർത്ത് അവതരിപ്പിക്കാൻ രാജശ്രീക്ക് സാധിച്ചിട്ടുണ്ട്.  ജീവിതം കല്യാണിയെയും ദാക്ഷായണിയെയും രണ്ട് ധ്രുവങ്ങളിൽ എത്തിക്കുമ്പോഴും, രണ്ടിലൊരാൾ മറ്റൊരാൾക്ക് തണലാവുന്നു...

      അല്ലെങ്കിലും ജീവിതം പഠിപ്പിക്കുന്നതൊക്കെയും മറ്റൊരാളുടെ തൂലികയിലൂടെ വിരിയുമ്പോൾ അതിന് ആസ്വാദനക്ഷമതയേറുന്നു.   ഇനിയെത്ര കാലം കഴിഞ്ഞാലാണ് കല്യാണിയും ദാക്ഷായണിയും അനുഭവിച്ചു തീർത്ത സഹനത്തിന്റെ ഭാരം മനസ്സിൽ നിന്നും ഇറക്കിവയ്ക്കാൻ സാധിക്കുന്നത്?

NDR news
02 Aug 2026 03:49 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents