കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്
സർക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാർത്ഥികളെ നീന്തൽ പരിശീലിപ്പിക്കാൻ "അക്വാഫിറ്റ് " പദ്ധതി തുടങ്ങുന്നു
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ 'അക്വാഫിറ്റ്' പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയുടെ ഭാഗമാണ് പദ്ധതി.
വിദ്യാര്‍ത്ഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവന്‍രക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുകയാണു ലക്ഷ്യം. ആദ്യഘട്ടത്തില്‍ 14,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. ഓരോ ജില്ലയില്‍നിന്നും 1000 വിദ്യാര്‍ത്ഥികള്‍ക്കുവീതം. പരിശീലനത്തിനായി സ്‌കൂളില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തല്‍ക്കുളങ്ങള്‍ തിരഞ്ഞെടുക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം തേടും.
കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാല്‍ നീന്തല്‍ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവന്‍രക്ഷാ നൈപുണ്യം കൂടിയാണെന്നു വിലയിരുത്തിയാണ് പദ്ധതി.
മുങ്ങിമരണത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ നേരത്തേ ഉത്തരവിട്ടിരുന്നു. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2024-ലെ കണക്കുപ്രകാരം സംസ്ഥാനത്ത് 1385 പേരാണ് മുങ്ങിമരിച്ചത്. ഇതില്‍ 1160 പേര്‍ പുരുഷന്‍മാരാണ്. 2021-ല്‍ 1307 പേരും 2022-ല്‍ 1419 പേരും 2023-ല്‍ 1344 പേരും മുങ്ങിമരിച്ചതായാണ് കണക്കുകള്‍. മുങ്ങിമരണങ്ങള്‍ വര്‍ധിക്കുമ്പോഴും ശാസ്ത്രീയ നീന്തല്‍ പരിശീലനം ലഭ്യമാക്കുന്നതിനുള്ള അവസരങ്ങള്‍ കുറവാണ്. ഈ സാഹചര്യത്തിലാണ് നീന്തല്‍ പരിശീലന പരിപാടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തുന്നത്.

