headerlogo
education

മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നേടി സിറാജുദ്ദീൻ പന്നിക്കോട്ടൂർ

ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് പ്രഖ്യാപിച്ചപ്പോൾ പൂനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ജീവശാസ്ത്ര അധ്യാപകൻ സിറാജുദ്ദീൻ പന്നിക്കോട്ടൂർ ഹൈസ്കൂൾ വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള അവാർഡിന് അർഹനായി

 മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്കാരം നേടി സിറാജുദ്ദീൻ പന്നിക്കോട്ടൂർ
avatar image

NDR news

02 Sep 2026 04:34 PM

പൂനൂർ: പൊതുവിദ്യഭ്യാസ രംഗത്തെ മികച്ച സേവനത്തിനും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അധ്യാപകനുള്ള പുരസ്‌കാരം പൂനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജീവശാസ്ത്ര അധ്യാപകന്‍ സിറാജുദ്ദീന്‍ പന്നിക്കോട്ടൂരിന് ലഭിച്ചു. വിദ്യാഭ്യാസവകുപ്പ് മന്ത്രി അഡ്വ.എന്‍. ഷംസുദ്ദീൻ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി പൂനൂര്‍ ഗവ. എച്ച്എസ്എസില്‍ സേവനമനുഷ്ഠിക്കുന്ന അദ്ദേഹം, ജീവശാസ്ത്രത്തോടൊപ്പം ഐടി മേഖലയിലും മികവ് തെളിയിച്ച അധ്യാപകനാണ്. എളേറ്റില്‍ എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ചു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് പൂനൂർ ഗവ എച്ച് എസ് എസിൽ എത്തിയത്.

       താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 'ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പദ്ധതി'യുടെ കോഡിനേറ്ററായി അഞ്ചു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം, പഠന ക്ലാസുകള്‍, സ്ഥാപന സന്ദര്‍ശനങ്ങള്‍, വിജ്ഞാന യാത്രകള്‍ തുടങ്ങിയ നിരവധി സംസ്ഥാനതല ശ്രദ്ധേയ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായി എന്‍എംഎംഎസ് സ്‌കോളര്‍ഷിപ്പ് ട്രെയിനിംഗ്, സ്‌കൂളിലെ തനത് പദ്ധതിയായ 'ഗിഫ്റ്റ്' എന്നിവയിലൂടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി. സ്‌കൂളിന്റെ പിആര്‍ഒ ആയി 20 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളിന്റെ വളര്‍ച്ചയില്‍  നിര്‍ണ്ണായകമായി. 18 ഡിവിഷനുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാപനം ഇന്ന് 33 ഡിവിഷനുകളുള്ള വലിയ സ്‌കൂളായി മാറിയതിന് പിന്നില്‍ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്.

         എസ്ഇആര്‍ടി പാഠപുസ്തക രചയിതാവ്, സംസ്ഥാന-ജില്ലാ റിസോഴ്സ് പേഴ്സണ്‍, ശാസ്ത്ര-കൃഷി ലേഖകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. വിവിധ ആനുകാലി കങ്ങളിലായി  200-ഓളം ശാസ്ത്ര ലേഖനങ്ങളും 100-ലധികം കാര്‍ഷിക ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി സീഡ് 'ബെസ്റ്റ് ടീച്ചര്‍ കോഡിനേറ്റര്‍' പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.     

       നാട്ടിലെ പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായ അദ്ദേഹം പന്നിക്കോട്ടൂര്‍ ഗവ. എല്‍പി സ്‌കൂള്‍ പിടിഎ പ്രസിഡന്റായും എസ്എംസി ചെയര്‍മാനായും 12 വര്‍ഷം പ്രവര്‍ത്തിച്ച് ആ വിദ്യാലയത്തെയും മികച്ച നിലയിലേക്ക് ഉയര്‍ത്തി. പന്നിക്കോട്ടൂര്‍ കുണ്ടത്തില്‍ മരക്കാര്‍ ഹാജിയുടെയും മറിയം ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സജ്‌ന മംഗലത്ത് (അധ്യാപിക ഗവ. മാപ്പിള യുപിഎസ് എളേറ്റില്‍). മക്കള്‍: ഫാത്തിമ നൗറിന്‍, സ്വാബിര്‍ അലി.

NDR news
02 Sep 2026 04:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents