32 മത്തെ വയസ്സിൽ ഡോക്ടർ കുപ്പായമണിഞ്ഞ് വയനാട് സ്വദേശി രമ്യ
കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് ഓഫീസറായ എം സി രമ്യ തന്റെ സ്വപ്നമായ ഡോക്ടർ ആകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ നേടി
ബാലുശ്ശേരി : നേഴ്സിന്റെ കുപ്പായമണിഞ്ഞ് ആശുപത്രി വാർഡുകളിലെ തിരക്കുകൾക്കിടയിലൂടെ രോഗികൾക്ക് മരുന്നും സ്നേഹ സാന്ത്വനവും നൽകുമ്പോഴും സാഹചര്യങ്ങൾ കൊണ്ട് 15 വർഷമായി മനസ്സിൽ കൊണ്ടു നടന്ന പൂവണിയാത്ത സ്വപ്നമായിരുന്നു രമ്യക്ക് ഡോക്ടർ ആവുക എന്നുള്ളത്. ഒടുവിൽ ദൃഢനിശ്ചയവും കഠിനാധ്വാനവും കൈവിടാതെ കോഴിക്കോട് ഗവ കോളേജിലെ നഴ്സിംഗ് ഓഫീസറായ വയനാട് കോട്ടത്തറ സ്വദേശി എംസി രമ്യ എംബിബിഎസ് ന് 32ാം വയസിൽ അഡ്മിഷൻ നേടി. ബാലുശ്ശേരി ഇയ്യാട് പ്രജീഷിന്റെ ഭാര്യയാണ് രമ്യ .
നീറ്റ് പരീക്ഷയിൽ സർവീസ് കോട്ട വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ രമ്യ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ നേടി. കുടുംബത്തിലെ കാര്യങ്ങളും നേഴ്സ് എന്ന നിലയിലുള്ള ജോലിത്തിരക്കിനിടയിലും കഠിനാധ്വാനത്തിന്റെ സ്വപ്നസാക്ഷാത്കാരമാണ് രമ്യക്കിത്. വയനാട് കോട്ടത്തറ സ്വദേശിയായ രമ്യ 2011 പ്ലസ് ടു പാസായപ്പോൾ സാഹചര്യങ്ങൾ കൊണ്ട് നേടാൻ കഴിയാത്ത ഡോക്ടർ സ്വപ്നമാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്. 2015 ൽ നഴ്സിംഗ് ബിരുദം നേടുകയും ചെയ്ത ശേഷം 2020 ലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിങ് ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്. അതിനുശേഷം ആണ് സർവീസ് ക്വാട്ടയെപ്പറ്റി അറിയുന്നതും ഡോക്ടർ കുപ്പായത്തിനു വേണ്ടി കഠിനാധ്വാനം തുടങ്ങിയതും.
32 മത്തെ വയസ്സിൽ നേടിയ ഈ വിജയം സഹപ്രവർത്തകർക്കും വീട്ടുകാർക്കും വലിയ അഭിമാനമായി. ഈ മാസം നഴ്സിംഗ് കുപ്പായം അഴിച്ചുവെച്ച് സ്റ്റെതസ്കോപ്പുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പുറപ്പെടും. തന്റെ അപൂർവ്വ നേട്ടം കാണാൻ അച്ഛൻ ഇല്ലെങ്കിലും നാലു വയസ്സുകാരൻ മകൻ ശിവദക്ഷതും ഭർത്താവ് പ്രജീഷ് കാവിലും തന്റെ അമ്മയും സഹോദരനും ഭർത്താവിന്റെ കുടുംബവും തുടങ്ങി എല്ലാവരും പിന്തുണയുമായി കൂടെയുണ്ട് .

