സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് വാകയാട് സ്കൂൾ അധ്യാപകൻ സതീഷ് കുമാറിന്
സ്കൗട്ട് രംഗത്തെ മികച്ച പ്രവർത്തനത്തിന് നൽകുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ് വാകയാട് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും നടുവണ്ണൂർ സ്വദേശിയുമായ സതീഷ് കുമാറിന് ലഭിച്ചു.
നടുവണ്ണൂർ: സ്കൗട്ട് ആൻഡ് ഗൈഡ്സ് രംഗത്തെ മികച്ച പ്രവർത്തനത്തിന് നൽകുന്ന കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സ്റ്റേറ്റ് ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡിന് വാകയാട് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനും നടുവണ്ണൂർ സ്വദേശിയുമായ എം.സതീഷ് കുമാർ അർഹനായി.സ്കൗട്ട് ആർഡ് ഗൈഡ്സ് പ്രവർത്തനങ്ങളെ ജനകീയമാക്കുകയും സമൂഹത്തിൽ വിവിധ സേവന പ്രവർത്തനങ്ങളിൽ നേതൃത്വം നൽകുകയും ചെയ്യുന്ന അധ്യാപകനാണ് സതീഷ് കുമാർ. നിലവിൽ വാകയാട് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗത്തിൽ സ്കൗട്ടിന്റെ ചാർജ് വഹിക്കുന്നതും താമരശ്ശേരി സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറിയും ഇദ്ദേഹമാണ്.
. സ്കൂൾ കാലം മുതൽ സ്കൗട്ടിലേക്ക് വരികയും വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും നിരവധി അംഗീകാരങ്ങൾ ഇതിന്റെ ഭാഗമായി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
. നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സ്കൗട്ടിംഗ് രംഗത്തേക്കുള്ള ഇദ്ദേഹത്തിന്റെ പ്രവേശനം. തുടർന്ന് ഒരു സ്കൗട്ടിന് ലഭിക്കുന്ന പരമോന്നത ബഹുമതിയായ രാഷ്ട്രപതി പുരസ്കാരം നേടിയിട്ടുണ്ട്. സ്കൂളിൽ ട്രൂപ്പ് ലീഡർ ആയിരിക്കുമ്പോൾ പ്രധാനമന്ത്രിയുടെ പുരസ്കാരം സ്കൂളിന് ലഭിച്ചു.നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ദേശീയ അവാർഡ് ലഭിച്ച ബാലചന്ദ്രൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഇദ്ദേഹത്തിൻ്റെ സ്കൗട്ട് മാസ്റ്റർ.
. വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് മാസ്റ്റർ ചുമതല ഏറ്റെടുത്ത ശേഷം ദേശീയതല പുരസ്കാരമായ ലക്ഷ്മി മജുംദാർ അവാർഡ് നേടിയിട്ടുണ്ട്. സി എം ഷീൽഡ് പുരസ്കാരം, ഫാദർ മുഴുത്തേറ്റ് പുരസ്കാരം തുടങ്ങിയവയും ഇദ്ദേഹം സ്കൗട്ട് മാസ്റ്റർ ആയിരിക്കുമ്പോൾ സ്കൂളിൽ ലഭിച്ചു. നാഷണൽ സർവീസ് സ്കീമിലും പുതിയ പ്രവർത്തന പദ്ധതികൾ ഏറ്റെടുത്ത് സതീശൻ മാസ്റ്റർവിജയിപ്പിച്ചിട്ടുണ്ട്.നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ആയ കാലഘട്ടത്തിൽ നാല് സംസ്ഥാന അവാർഡുകൾ സ്കൂളിന് ലഭിച്ചു.
. സ്കൗട്ട് ആൻഡ് ഗൈഡ് രംഗത്ത് പ്രവർത്തിച്ച വ്യക്തികളെ ഏകോപിപ്പിച്ച് നടുവണ്ണൂരിൽ ഫോർമർ സ്കൗട്ട് ഫോറം രൂപീകരിക്കുന്നതിലും അതിന്റെ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിലും സതീഷ് കുമാറിന്റെ പങ്ക് വലുതായിരുന്നു.
മേപ്പയൂർ ഹയർ സെക്കൻഡറി സ്കൂളിലെ വെക്കേഷൻ ഹയർസെക്കൻഡറി അധ്യാപികയായ രമ്യ ആണ് ഭാര്യ. വിദ്യാർത്ഥിയായ മകനും അമ്മയും ചേർന്നതാണ് സതീഷ് കുമാറിന്റെ കുടുംബം .

