കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ വിസ്മയിപ്പിച്ച് ടെക്നോവ 2026
തൃക്കുറ്റിശ്ശേരി ഗവ യുപി സ്കൂളിൽ റോബോട്ടിക്സ് പരിശീലന പദ്ധതിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പ്രൊജക്ടുകളുടെ അവതരണവും പ്രദർശനവും നടത്തി.
തൃക്കുറ്റിശ്ശേരി: തൃക്കുറ്റിശ്ശേരി ഗവൺമെന്റ് യു.പി. സ്കൂളിൽ റോബോട്ടിക്സ് പരിശീലന പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പ്രോജക്ടുകളുടെ അവതരണവും പ്രദർശനവും 2026 നവംബർ 9 തിങ്കളാഴ്ച രാവിലെ 10മണിക്ക് സംഘടിപ്പിച്ചു. പ്രദർശനം കുട്ടികൾക്കും മുതിർന്നവർക്കും ഏറെ വിജ്ഞാനപ്രദവും വിസ്മയകരവും ആയിരുന്നു.
. നാല് മാസക്കാലമായി വിദ്യാർത്ഥികൾക്ക് ലഭിച്ച റോബോട്ടിക്സ് പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ തന്നെ തയ്യാറാക്കിയ വിവിധ പ്രോജക്ടുകൾ ചടങ്ങിൽ അവതരിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും ശാസ്ത്രസാങ്കേതിക പരിജ്ഞാനവും നൂതന ആശയങ്ങളും പ്രായോഗിക മികവും പ്രകടമാക്കുന്ന പ്രോജക്ടുകൾ ഏറെ ശ്രദ്ധേയമായി. വാക്കറു ഗ്രൂപ്പും D-LED ഇൻ്റർനാഷനലും ഡയറ്റും സംയുക്തമായിട്ടാണ് യു പി ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകിയത്.
. ഈ ചടങ്ങ് കോട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തച്ചയിൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിറ.പി. ഷമീർ സമ്മാനദാനം നിർവഹിച്ചു. വാർഡ് മെമ്പർ വിജിന കച്ചേരിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സ്വാഗതം ആശംസിച്ചു.
. ബാലുശ്ശേരി ബി.പി.സി. ശർമിള ടീച്ചർ, എസ്.എം.സി. ചെയർമാൻ ബാലൻ വി.വി., പി.ടി.എ. പ്രസിഡന്റ് സിജിത്ത് കെ.കെ, എം.പി.ടി.എ. ചെയർപേഴ്സൺ അമ്പിളി, കോർഡിനേറ്റർ ദിവ്യ ടീച്ചർ, സ്കൂൾ ലീഡർ മയൂഖ പി. ബാൽ,വാക്ക്റൂ സി.എസ്.ആർ. ഹെഡ് സുമിത്ര ബിനു , DLED പ്രോജക്ട് ഹെഡ് അമൽരാജ്, സംഗീത് എന്നിവർ ആശംസകൾ അർപ്പിച്ചു.
. വിദ്യാർത്ഥികളുടെ മികച്ച പ്രകടനത്തെ അതിഥികൾ അഭിനന്ദിച്ചു. പരിശീലനത്തിലൂടെ നേടിയ അറിവുകൾ പ്രോജക്ടുകളിലൂടെ പ്രാവർത്തികമാക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് മികച്ച അനുഭവമായി. പരിപാടിക്ക് പ്രോഗ്രാം കൺവീനർ ഡിവിഷ എ നന്ദി രേഖപ്പെടുത്തി.

