കൊച്ചു സൈക്കിളിൽ വലിയ മോഹങ്ങളുമായി സാബിത്ത് ചവിട്ടിത്തള്ളിയത് 450 കിലോമീറ്റർ
തിരുവനന്തപുരത്തേക്ക് കൊച്ചു സൈക്കിളിൽ സാബിത്ത് യാത്ര തിരിക്കുമ്പോൾ പ്രാർത്ഥനയോടെ, ഒപ്പം വിസ്മയത്തോടെ ജന്മനാടായായ കീഴ്പ്പയ്യൂരും

മേപ്പയ്യൂർ : വിധി നൽകിയ പരിമിതികളെ ഇച്ഛാശക്തികൊണ്ട് കീഴടക്കുകയാണ് മേപ്പയ്യൂർ സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ കൊച്ചു സാബിത്ത്. പലരും സൈക്കിളിൽ ലോകസഞ്ചാരം നടത്തുമ്പോൾ തന്റെ വിധിയെ പഴിച്ച് വീട്ടിലിരിക്കാൻ സാബിത്ത് ഒരുക്കമായിരുന്നില്ല. തിരുവനന്തപുരത്തേക്ക് കൊച്ചു സൈക്കിളിൽ സാബിത്ത് യാത്ര തിരിക്കുമ്പോൾ പ്രാർത്ഥനയോടെ, ഒപ്പം വിസ്മയത്തോടെ ജന്മനാടായായ കീഴ്പ്പയ്യൂരും കൂടെ നിൽക്കുകയായിരുന്നു
യാത്രയിൽ കൂട്ടായി സുഹൃത്തുക്കളായ ഫഹദ് കെ, മുഹമ്മദ് കെ കെ, ജാബിർ എന്നിവർ കൂടി ചേർന്നതോടെ മോഹങ്ങൾക്ക് പുതുജീവൻ വന്നു. തിരുവനന്തപുരം വരെ 450 കിലോമീറ്റർ സൈക്കിൾ ചവിട്ടി യാത്ര ചെയ്യുക എന്ന സ്വപ്നയാത്രക്കുള്ള മുന്നൊരുക്കം പോലെ കൊച്ചുസൈക്കിളിൽ വയനാടൻ യാത്ര നടത്തിയിരുന്നു സാബിത്ത്. വയനാടൻ യാത്രയിൽ മറ്റുള്ളവരിൽ നിന്നും ലഭിച്ച പ്രചോദനവും പിന്തുണയും ആണ് തിരുവനന്തപുരം വരെ സൈക്കിൾ യാത്ര ചെയ്യുവാൻ പ്രേരിപ്പിച്ചതെന്ന് സാബിത്ത് പറഞ്ഞു.
യാത്രകൾ എന്റെ സ്വപ്നമാണ് നാട്ടിൻപുറങ്ങളിൽ നിന്നും പലരും കാശ്മീർ പോലുള്ള ദൂരങ്ങളിലേക്ക് യാത്ര പോകുമ്പോൾ ഈ കൊച്ചു സൈക്കിളിൽ അത്തരം ഉയരങ്ങളിൽ ചെന്നെത്തുന്ന ഒരു കാലത്തെ കുറിച്ച് സാബിത്ത് സ്വപ്നം കാണുന്നു. മറ്റുള്ളവർക്ക് ഒരു സൈക്കിളിൽ 450 കിലോമീറ്റർ എന്നത് വലിയ കാര്യമല്ലായിരിക്കാം ശാരീരിക പരിമിതികളുള്ള സാബിത്തിന് ഇത്തരം ദൂരയാത്രകൾ അത്ര എളുപ്പമല്ല.
തന്റെ യാത്രയെ കുറിച്ച് സാബിത്ത് പറയുന്നത് ഇങ്ങിനെ.ഞായറാഴ്ച ആയിരുന്നു ഞങ്ങൾ യാത്ര ആരംഭിച്ചത്. കാസർകോട് ജില്ലാ ജി എസ് ടി ഡബ്ല്യൂ ടി കമ്മീഷണർ എ കെ രാജൻ ഫ്ലാഗ് ഓഫ് ചെതു യാത്രയയക്കുമ്പോൾ വലിയ പ്രോത്സാഹനവുമായി എന്റെ നാട്ടുകാർ ഒരുമിച്ച് കൂടി. ഏകദേശം 450 കിലോമീറ്റർ ദൂരം അഞ്ചു ദിവസം കൊണ്ട് പൂർത്തിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു.
യാത്രയിൽ ഒരുപാട് ആളുകളുടെ പിന്തുണയും പ്രോത്സാഹനവും കിട്ടി. എറണാകുളത്ത് വെച്ച് ഹൈബി ഈഡൻ എം പിയും,തിരുവനന്തപുരത്ത് വെച്ച് പ്രമുഖ മജീഷ്യൻ ഗോപിനാഥ് മുതുകാടും വളരെ ഹൃദ്യമായ സ്വീകരണം നൽകി. ഇനിയും യാത്രകൾ ചെയ്യണം . ഈ കൊച്ചു സൈക്കിളിൽ മഞ്ഞുപെയ്യുന്ന കാശ്മീർ മലമടക്കുകളിൽ എന്നാണ് ആഗ്രഹം എന്ന് സാബിത്ത് .പരേതനായ കീഴ്പ്പയ്യൂർനീലിവീട്ടിൽ ഇബ്രാഹിം , റുഖിയ്യ ദമ്പതികളുടെ മകനാണ് സാബിത്ത് സഹോദരൻ ബാസിത്ത്.