യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി പണം തട്ടിയ രണ്ട്പേർ പിടിയിൽ
പിടിക്കപ്പെട്ട യുവാവിന്റെ പേരിൽ തിരുവനന്തപുരത്ത് നേരത്തേ കേസുണ്ട്
പന്തീരാങ്കാവ്: യുവാവിനെ ഹണി ട്രാപിൽ പെടുത്തി പണവും മൊബെൽ ഫോണും കവർന്ന കേസിൽ യുവതിയടക്കം രണ്ട് പേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വേമം ചീരക്കാട്ട് വീട്ടിൽ ഷബാന (21) പൊക്കുന്ന് പാടിയേക്കൽ നജു മൻസിൽ ഫൈജാസ് (30) എന്നിവരാണ് അറസ്റ്റിലായത് . സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെ യുവതിയുടെ ഇരിങ്ങല്ലൂരിലെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി നഗ്ന വീഡിയോ ചിത്രീകരിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു. കാസർഗോഡ്കാരനായ യുവാവാണ് പരാതിക്കാരൻ .
യുവതിയുടെ ഫ്ലാറ്റിൽ എത്തിയ യുവാവിനെ ദേഹോപദ്രവമേൽപിച്ച ശേഷം വീഡിയോ ചിത്രീകരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൈയിലുണ്ടായിരുന്നു പണം പിടിച്ചെടുത്ത ശേഷം ഗൂഗ്ൾ പേ വഴി എക്കൗണ്ടിലെ പണവും നിർബന്ധപൂർവം അയപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പോലീസ് ഫ്ലാറ്റിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ.ജോസ് എസ്ഐമാരായ ധനഞ്ജയ ദാസ് , സിപി.ഒ.മാരായ എം രഞ്ജിത് , രാജേഷ്, അബ്ദുൽ റഷീദ് എന്നിവരാണ് സംഘത്തി ലുണ്ടായിരുന്നത്.

