നടുറോട്ടിൽ പാമ്പ് പ്രദർശനം; യുവാവിനെതിരെ കേസെടുക്കും
കൊയിലാണ്ടി ടൗണിൽ പാമ്പിനെ പ്രദർശിപ്പിക്കുന്ന രംഗങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കു വച്ചു
കൊയിലാണ്ടി:മദ്യലഹരിയിൽ നടുറോട്ടിൽ വച്ച് പാമ്പ് പ്രദർശനം നടത്തി യുവാവ്. ജനങ്ങളെ ഏറെ സമയം ആശങ്കയിൽ നിർത്തിയ ഇയാളുടെ പ്രദർശനം സോഷ്യൽ മീഡിയകളിലാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്.മുച്കുന്ന് പ്രദേശത്ത് നിന്ന് പിടിച്ച് കൊണ്ട് വന്ന വിഷപ്പാമ്പിനെയാണ് കൊയിലാണ്ടി ടൗണിൽ വച്ച് അപകടകരമാം വിധം പ്രദർശിപ്പിച്ചത്. ബൈക്കിൽ സീറ്റിനടിയിലെ ഭാഗത്ത് വച്ച് കൊണ്ട് വന്ന പെരുമ്പാമ്പിനെ ബൈക്കിൽ വച്ചും പ്രദർശിപ്പിക്കുകയുണ്ടായി. തുടർന്ന് ബൈക്കിന്റെ പിറകിൽ വച്ചുകെട്ടി പൊതു റോഡിലൂടെ ഓടിച്ച് പോയി.
ജനങ്ങൾക്ക് അപകടകരമാവും വിധം പാമ്പ് പ്രദർശനം നടത്തിയ മുച് കുന്ന് കൊടക്കാട്ട് മുറി സ്വദേശി ജിത്തുവിനെതിരെ അന്വേഷണം ആരംഭിച്ചു. ജിത്തുവിനെതിരെ കേസെടുക്കാൻ കോഴിക്കോട് ഡി എഫ് ഒ പോലീസിന് നിർദ്ദേശം നല്കി. വനം വന്യജീവി നിയമപ്രകാരമാണ് കേസെടുക്കുക. പാമ്പിനെ പ്രദർശിപ്പിക്കുന്ന രംഗങ്ങൾ സുഹൃത്ത് മൊബൈലിൽ പകർത്തുകയായിരുന്നു. തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വച്ചു.
പലസ്ഥലങ്ങളിലായി പാമ്പിനെ പ്രദർശിപ്പിച്ച ശേഷമാണ് കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെത്തിച്ചത്. പിന്നീട് പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ എത്തിക്കു കയായിരുന്നു. ജിത്തുവിനെതിരെ വനം വകുപ്പും അന്വേഷണം ആരംഭിച്ചതായി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പറഞ്ഞു.

