ഇനി മുതൽ ഒരേ സമയം രണ്ട് ബിരുദത്തിന് പഠിക്കാം; മാർഗനിർദേശം നാളെ പുറത്തിറങ്ങും
അടുത്ത അക്കാദമിക വർഷം നടപ്പിലാക്കുന്ന ഈ പുതിയ പരിഷ്ക്കാരം ഡിഗ്രി, പിജി കോഴ്സുകൾക്ക് ബാധകമാണ്.

ന്യൂഡൽഹി: ഒരേ സമയം രണ്ട് ബിരുദ പഠനത്തിന് അനുമതി നൽകി യുജിസി. 2022-23 അക്കാദമിക വർഷം മുതൽ നിലവിൽ വരുന്ന പുതിയ പരിഷ്ക്കാരം ഡിഗ്രി, പിജി കോഴ്സുകൾക്ക് ബാധകമാണ്. ഇതിന്റെ വിശദമായ മാർഗനിർദേശം നാളെ പുറത്തിറക്കും.
പുതുതായി ബിരുദത്തിന് പ്രവേശനം നേടുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദ കോഴ്സ് ചെയ്യാം. രണ്ടാം വർഷവും മൂന്നാം വർഷവും ബിരുദം പഠിക്കുന്നവർക്ക് ഒന്നാം വർഷ കോഴ്സിന് ചേരാവുന്നതാണ്. രണ്ട് ബിരുദവും ഓഫ് ലൈനായോ, ഓൺലൈനായോ, ഒരു ബിരുദം ഓൺലൈനായോ മറ്റൊന്ന് ഓഫ് ലൈനായോ പഠിക്കാമെന്ന് യുജിസി ചെയർമാൻ എം ജഗദേഷ് കുമാർ പറഞ്ഞു.
യുജിസി ഇക്കാര്യം നടപ്പിലാക്കാൻ വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും 2020ലാണ് സർക്കാർ തലത്തിൽ നിന്ന് മുന്നോട്ട് പോവാനുള്ള നിർദേശം ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ നിർദേശം നടപ്പിലാക്കുമെന്നാണ് യുജിസി പ്രതീക്ഷിക്കുന്നത്.