കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ ടിക്കറ്റെടുക്കാൻ നീണ്ട കാത്തിരിപ്പ്
ഓണവധിക്ക് ശേഷം തിരികെ പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്
കോഴിക്കോട്: കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ ട്രെയിനുകളിൽ ജനറൽ കംപാർട്മെന്റിൽ ടിക്കറ്റ് എടുക്കാൻ ഒരു മണിക്കൂറിലേറെ നീണ്ട കാത്തുനിൽപ്. എങ്ങിനെയെങ്കിലും തിക്കി പിടിച്ച് ടിക്കറ്റ് കിട്ടിയാലോ കയറിക്കൂടാൻ പെടാപ്പാടും.കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഇന്നലെ വൈകിട്ടു റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോഴും അതിൽ കയറാനാകാതെ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ടിക്കറ്റുമായി പ്ലാറ്റ്ഫോമിൽ നിൽക്കുന്നു ണ്ടായിരുന്നു. സീറ്റില്ലെങ്കിലും സാരമില്ല, ട്രെയിനിലൊന്ന് കയറിപ്പറ്റിയാൽ മതി, ജനറൽ കംപാർട്മെന്റിൽ യാത ചെയ്യാനെത്തിയ . യാത്രക്കാരുടെയും അവസ്ഥ ഇതായിരുന്നു.
വാതിലിനടുത്ത് തൂങ്ങിപ്പിടിച്ചു നിന്ന് യാത്ര ചെയ്യാൻ ഒരുങ്ങിയവരെ പൊലീസും റെയിൽവേ സംരക്ഷണ സേനാംഗങ്ങളും ചേർന്നു പിന്തിരിപ്പിച്ചു. റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ലാറ്റ് ഫോമിൽ 4 ടിക്കറ്റ് കൗണ്ടറും നാലാം പ്ലാറ്റ് ഫോമിൽ ഒരു കൗണ്ടറുമാണ് പ്രവർത്തിച്ചത്.
ഓണാവധി കഴിഞ്ഞു മടങ്ങുന്ന വിദ്യാർഥികളാണ് ഏറെ ബുദ്ധിമുട്ടിയത്. ട്രെയിനിൽ കയറിയവർക്കാകട്ടെ പിടിച്ചു നിൽക്കാൻ പോലും പറ്റാത്ത സാഹചര്യമായിരുന്നു.ശുചിമുറിയുടെ ഉള്ളിൽ വരെ കയറി നിൽക്കേണ്ടി വന്നു പലർക്കും. അതേ സമയം, ഓണത്തിരക്കു മുന്നിൽ കണ്ട് രാത്രിയിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചിട്ടുണ്ടെന്നാണു റെയിൽവേ അധികൃതർ പറയുന്നത്.
"ഓണാവധി കഴിഞ്ഞു വിദ്യാർഥികൾ ഉൾപ്പെടെ തിരിച്ചു പോകുമ്പോഴുണ്ടാകുന്ന യാത്രാപ്രശ്നം മുന്നിൽ കണ്ട് കൂടുതൽ സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ ജനറൽ മാനേജരുടെ ഉൾപ്പെടെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്നും നടപടി ഉണ്ടായില്ലെന്ന് എം.കെ.രാഘവൻ എംപി. പറയുന്നു.പകൽ യാത്രയ്ക്ക് തിരുവനന്തപുരം ഡിവിഷനു കീഴിലെ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാർക്ക് സ്ലീപ്പർ ടിക്കറ്റ് നൽകുന്നുണ്ട്. എന്നാൽ, പാലക്കാട്ഡിവിഷനിൽ ഇതു നടപ്പാക്കിയിട്ടില്ല. അതും തിരക്കു കൂടാൻ കാരണമായതായി യാത്രക്കാർ പറഞ്ഞു. കോവിഡ് സമയത്താണു സ്ലീപ്പർ ടിക്കറ്റ് വിതരണം നിർത്തലാക്കിയത്.

