അസുഖ പർവം താണ്ടി നടൻ ശ്രീനിവാസൻ തിരിച്ചു വരുന്നു
ശ്രീനിവാസന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി സ്മിനു
കണ്ണൂർ:നടൻ ശ്രീനിവാസന്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകർക്കു സന്തോഷ വാർത്തയുമായി നടി സ്മിനു സിജോ.ശ്രീനിവാസനെ വീട്ടിൽ സന്ദർശിച്ചതിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുക യായിരുന്നു നടി. അദ്ദേഹ ത്തിനൊപ്പമുള്ള പുതിയ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അസുഖപർവം താണ്ടി ശ്രീനിവാസൻ ജീവിതത്തിലേക്കു തിരിച്ചുവരുകയാണെന്നും അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാനാ ണെന്നും സ്മിനു പറയുന്നു.
“ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാർഥിച്ച എല്ലാവർക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ ഒഴിച്ചാൽ ശ്രീനിയേട്ടൻ ഇന്ന് പൂർണ ആരോഗ്യവാനാണ്. ഇന്ന് ഞാൻ ശ്രീനിയേട്ടന്റെ വീട്ടിൽ പോയി.
സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ച് സ്വീകരിച്ച വിമലാന്റിയും കണ്ട ഉടനെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റർവ്യൂ തമാശകൾ പറയുമ്പോൾ മതിമറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും കണ്ട് ഞാൻ സന്തോഷിച്ചു.
ധ്യാൻമോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചെലവഴിക്കാൻ പറ്റിയ നിമിഷങ്ങൾ തന്റെഏറ്റവും വലിയ അഭിമാന നിമിഷങ്ങളെന്ന് സ്മിനു പറഞ്ഞു. പൂർണ ആരോഗ്യവാനായി, എഴുതാൻ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെപ്പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടൻ. ആ കണ്ണുകളിലെ തിളക്കം, ആത്മവിശ്വാസം അതു മാത്രം മതി നമ്മൾ മലയാളികൾക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്.’’ –സ്മിനു കുറിച്ചു.

