തെരുവ് നായ ശല്യം അതിരൂക്ഷം; വാർത്തകൾ വരാത്ത കേസുകൾ നിരവധി
ജില്ലയിൽ ഏഴുമാസത്തിനിടെ നായയുടെ കടിയേറ്റത് 9793 പേർക്ക്

കോഴിക്കോട്: സംസ്ഥാനത്തെ തെരുവ് നായ അക്രമം അതിരൂക്ഷമായി തുടരുകയാണ്. വാർത്തകളിൽ സ്ഥാനം പിടിക്കാത്ത നിരവധി കേസുകൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏഴു മാസത്തിനിടെ 9793 പേർക്ക് കോഴിക്കോട് ജില്ലയിൽ മാത്രം കടിയേറ്റതായി റിപ്പോർട്ടുകൾ പറയുന്നു. ഒൻപതിനായിരംപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽമാത്രം ചികിത്സതേടിയിട്ടുണ്ട്..
പേവിഷബാധയേറ്റ് മൂന്നു പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലി രിക്കെ മരിച്ചത്. ഇതിൽ രണ്ടു പേർ കോഴിക്കോട് ജില്ലക്കാരാണ്. കൂത്താളി സ്വദേശിയായ വീട്ടമ്മ പ്രതിരോധവാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ചു. മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്തത്. ഏപ്രിലിൽ 1999 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
ഓഗസ്റ്റിൽ മാത്രം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4500 പേർ ചികിത്സതേടി. എല്ലാദിവസവും ശരാശരി അഞ്ചുപേർക്കെങ്കിലും ജില്ലയിൽ പട്ടിയുടെ കടിയേൽക്കുന്നുണ്ട്.