നടൻ സിബി തോമസ് ഇനി മുതൽ വയനാട്ടിൽ ഡി വൈ എസ് പി
തൊണ്ടി മുതലും ദൃക്സാക്ഷിയും ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്

കാസർഗോഡ്: നടനും കാസർകോട് വിജിലൻസ് ഇൻസ്പെക്ടറു മായിരുന്ന സിബി തോമസിന് സ്ഥാനക്കയറ്റം. വയനാട് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിബി തോമസ് സിനിമയിൽ എത്തിയത്. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യൻ, ഹാപ്പി സർദാർ, ട്രാൻസ് തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ. ഔദ്യേഗിക ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇദ്ദേഹം, 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ കരസ്ഥമാക്കിയിരുന്നു. 2014, 2019, 2022 എന്നീ വർഷങ്ങളിൽ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും സ്വന്തമാക്കി.
പഠനകാലത്ത് യൂണിവേഴ്സിറ്റി തല നടക മത്സരങ്ങളിലും സജീവമായിരുന്നു. അഭിനേതാവ് എന്നതിലുപരി തിരക്കഥാകൃത്ത് കൂടിയാണ്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സിബി തോമസ് ആണ്. സൂര്യ നായകനായ ജയ് ഭീമിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചിരുന്നു. കാസർകോട് ചുള്ളി സ്വദേശിയായ സിബി, ലീല തോമസ്- എ.എം. തോമസ് ദമ്പതിമാരുടെ മകനാണ്. ഭാര്യ: ജോളി എലിസബത്ത്, മക്കൾ: ഹെലൻ, കരോളിൻ, എഡ്വിൻ. കൊച്ചി പാലാരിവട്ടം, കാസർകോട് ആദൂർ സ്റ്റേഷനുകളിൽ സി.ഐ. ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.