headerlogo
explainer

ഇന്ത്യയിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം ഇരട്ടിയായി; 83 ശതമാനവും യുവാക്കളെന്ന് റിപ്പോർട്ട്

സെക്കൻഡറി വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ നേടിയവരിലെ തൊഴിലില്ലായ്മ നിരക്ക് 2000 ത്തിൽ 35.2% ആയിരുന്നത് 2022 ൽ 65.7 % ആയാണ് ഉയർന്നത്.

 ഇന്ത്യയിൽ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം ഇരട്ടിയായി;  83 ശതമാനവും യുവാക്കളെന്ന് റിപ്പോർട്ട്
avatar image

NDR News

30 Mar 2024 08:32 PM

ന്യൂഡൽഹി: രാജ്യത്ത് അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം ഇരട്ടിയായതായി റിപ്പോർട്ട്. സെക്കൻഡറി വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ നേടിയവരിലെ തൊഴിലില്ലായ്മ നിരക്ക് 2000 ത്തിൽ 35.2% ആയിരുന്നത് 2022 ൽ 65.7 % ആയാണ് ഉയർന്നത്. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെൻ്റ് എന്നിവർ ചേർന്ന് പുറത്തുവിട്ട ഇന്ത്യ അൺഎംപ്ലോയ്മെൻ്റ് റിപ്പോർട്ട് 2024 ലാണ് ഈ കാര്യം പറയുന്നത്. 

 

    2014ലും 2019ലും തൊഴിലവസരങ്ങൾ കൂട്ടുമെന്നായിരുന്നു എൻഡിഎ സർക്കാരിൻ്റെ വാഗ്ദാനം. പ്രതിവര്‍ഷം രണ്ടുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അതിലൂടെ അഞ്ചുവര്‍ഷം കൊണ്ട് പത്തുകോടി യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കും എന്നതായിരുന്നു മുഖ്യ വാഗ്ദാനം. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല ഉള്ള തൊഴിലവസരങ്ങൾ കൂടി ഇല്ലതായതായും റിപ്പോർട്ടുകൾ പറയുന്നു. വിലക്കയറ്റത്തിന് ആനുപാതികമായി ശമ്പളവർദ്ധനവ് നടപ്പാക്കാത്തതും ജനജീവിതത്തെ ബാധിച്ചു. 

 

രാജ്യത്ത് തൊഴിലില്ലാത്തവരിൽ 83 ശതമാനവും യുവാക്കളാണെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവരിൽ മൂന്നിലൊന്ന് ആളുകൾക്ക് മാത്രമേ യോഗ്യതക്കനുസരിച്ച് തൊഴിൽ ലഭിക്കുന്നുള്ളൂ. നഗരമേഖലയിൽ 17.2 ശതമാനം യുവാക്കൾ തൊഴിലില്ലാതെ നട്ടം തിരിയുമ്പോൾ ഗ്രാമങ്ങളിൽ 10.6 ശതമാനം പേരും തൊഴിൽ തേടി അലയുകയാണ്. നഗരങ്ങളിലെ സ്ത്രീകളിൽ തൊഴിലില്ലായ്മ 21.6 ശതമാനമാണ്. 

 

രാജ്യത്ത് ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം 22 വർഷത്തിനിടെ ഇരട്ടിയായി ഉയർന്നെന്ന് കണക്ക്. യോഗ്യതകളുണ്ടായിട്ടും അതിനനുസരിച്ചുള്ള ജോലിയല്ല യുവാക്കൾ ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. അണ്ടർ എംപ്ലോയ്മെന്റ് തോത് 2000 ത്തിനും 2019 നും ഇടയിൽ ഉയർന്നിട്ടുണ്ട്. 2019 ലെ കൊവിഡ് സാഹചര്യത്തിന് ശേഷം ഇന്ത്യയിൽ തൊഴിലിൻ്റെ സ്വഭാവം മാറി. കൊവിഡ് തൊഴിൽമേഖലയിലുണ്ടാക്കിയ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തിന് ഇനിയും കരകയറാൻ സാധിച്ചിട്ടില്ല. നിർമ്മിതബുദ്ധിയുടെ കടന്നുവരവും തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുണ്ട്. കാർഷിക മേഖലയിലെ തൊഴിലുകൾ യുവാക്കൾ ഉപേക്ഷിക്കുന്നതായും റിപ്പോർട്ടിലെ കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. സർവീസ് സെക്ടറിലും നിർമ്മാണ മേഖലയിലുമാണ് ഇപ്പോൾ യുവാക്കളധികവും തൊഴിൽ തേടി പോകുന്നതെന്നും റിപ്പോർട്ട് പറയുന്നു.

 

പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എൻഡിഎ സർക്കാരിൻ്റെ തൊഴിലധിഷ്ഠിത നേട്ടങ്ങളെ ചോദ്യം ചെയ്ത് കഴിഞ്ഞദിവസം കർണാടകത്തിൽ നിന്നുള്ള ബഹുത്വഫോറം പഠന റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ദിവസം 375 രൂപ പോലും വരുമാനമില്ലാത്തവരാണ് രാജ്യത്തെ 34 ശതമാനം വീടുകളുമെന്ന് കണക്ക് ചൂണ്ടിക്കാട്ടുന്നു. വേതനത്തിൻ്റെ അടിസ്ഥാനത്തിലുള്ള സാമൂഹിക അന്തരം ജനത്തിനിടയിൽ ഈ കാലത്ത് വർധിച്ചിട്ടുണ്ട്.

2022 ലെ കണക്ക് പ്രകാരം രാജ്യത്തെ ഒരു ശതമാനം സമ്പന്നർ മൊത്തം ദേശീയ വരുമാനത്തിൻ്റെ 22 % വും, സമ്പന്നരിലെ ആദ്യ 10 ശതമാനം പേർ മൊത്തം വരുമാനത്തിൻ്റെ 57% വും കൈയ്യാളുന്നു. അവസാന പാതി (50%) ജനത്തിന് 12.7% വരുമാനം മാത്രമാണ് ലഭിക്കുന്നത്. ആകെ സർക്കാർ മേഖലയിൽ നിന്നുള്ള തൊഴിൽ വെറും 25% മാത്രമാണ്. സ്വയം തൊഴിൽ കണ്ടെത്തിയവർ 2022 - 23 കാലത്ത് 50 % ൽ ഏറെയാണ്. ഇതിൽ 64.3% സ്ത്രീകളാണ്. അതേസമയം വീടുകളിലും കുടുംബ ബിസിനസുകളിലും വേതനമില്ലാതെ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം നാലിൽ ഒന്ന് എന്നായിരുന്നത് മൂന്നിൽ ഒന്നായി ഉയർന്നെന്നും ബഹുത്വ കർണാടകയുടെ കണക്കിൽ പറയുന്നു.

NDR News
30 Mar 2024 08:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents