headerlogo
explainer

കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ വാഹനാപകടങ്ങൾ പെരുകുന്നു; അധികാരികൾ കണ്ണുതുറക്കണം

ബസ്സുകളുടെ മരണപ്പാച്ചിലിൽ ജീവൻ പൊലിയുന്നത് സ്ഥിര സംഭവമായിരിക്കുകയാണ്

 കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ വാഹനാപകടങ്ങൾ പെരുകുന്നു; അധികാരികൾ കണ്ണുതുറക്കണം
avatar image

അരുണിമ പേരാമ്പ്ര

20 Jul 2025 10:58 PM

പേരാമ്പ്ര: മൂന്ന് ദിവസത്തിനിടെ മൂന്ന് അപകടങ്ങൾ. അവസാനത്തേത് ഒരു വിദ്യാർത്ഥിയുടെ ജീവനെടുത്തു. പേരാമ്പ്രയിൽ ദിനം പ്രതി അപകടങ്ങൾ പെരുകുകയാണ്. കുറ്റ്യാടി - കോഴിക്കോട് റൂട്ടിലാണ് ഇവയിൽ ഭൂരിഭാഗവും. ബസ്സുകളുടെ മരണപ്പാച്ചിൽ നിരത്തിലിറങ്ങാൻ തന്നെ ഭയക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം സംസ്ഥാന പാതയിൽ കക്കാട് ബസ് സ്റ്റോപ്പിന് സമീപം ബൈക്ക് യാത്രക്കാരനായ യുവാവിനെ ഇടിച്ചിട്ട ബസ്സിൻ്റെ ചക്രങ്ങൾ ഇയാളുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അതി ദാരുണമായ സംഭവത്തിൽ ഉടനടി യുവാവിൻ്റെ മരണം സംഭവിക്കുകയായിരുന്നു. 

      പേരാമ്പ്രയിൽ ഇത് ആദ്യത്തെ സംഭവമല്ല. പേരാമ്പ്ര ബസ് സ്റ്റാൻഡിലേക്ക് അമിത വേഗത്തിലെത്തിയ ബസ് വയോധികൻ്റെ മേൽ കയറിയിറങ്ങിയിരുന്നു. മാസങ്ങൾക്ക് മുമ്പ് സമാനമായ മറ്റൊരു അപകടത്തിൽ ഒരു സ്ത്രീയ്ക്കും ജീവൻ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം കല്ലോട് വെച്ച് സ്കൂൾ ബസ്സിൽ ഇടിച്ചതും ഞെട്ടലുണ്ടാക്കി. കുട്ടികൾ തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. അപകടങ്ങൾക്ക് ശേഷം ജനരോക്ഷം ആർത്തിരമ്പി ബസ് തടയലും പ്രതിഷേധവും ഉപരോധവും അന്തരീക്ഷം പ്രക്ഷുബ്ധമാക്കും. പരാതികൾ പെരുകും. സോഷ്യൽമീഡിയ വിഷയം ഏറ്റെടുത്ത് ചർച്ചകൾ നടത്തും. ഇത്തരം അപകടങ്ങൾക്കെതിരെ മുൻകരുതൽ എടുക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടും. അന്തരീക്ഷം തണുക്കുന്നതോടെ എല്ലാം പഴയപടിയിലേക്ക് മടങ്ങുകയും ചെയ്യും. 

     കുറ്റ്യാടി - കോഴിക്കോട് ബസ്സിൻ്റെ അമിത വേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് മിക്ക അപകടങ്ങൾക്കും ഹേതു. പലപ്പോഴും അമിത വേഗത്തിൽ എത്തുന്ന ബസ്സുകൾക്ക് നേരെ ജനങ്ങൾ ശബ്ദമുയർത്താറുമുണ്ട്. മാസങ്ങൾക്ക് മുമ്പ് നടന്ന അപകടത്തിനൊടുവിൽ പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബാരിക്കേഡുകൾ പോലുള്ള സംവിധാനം സ്ഥാപിച്ചിരുന്നു. പോലീസ് ചെക്കിങ്ങും പലപ്പോഴായി നടത്തിയിരുന്നു. പരിശോധനയിൽ പല ഡ്രൈവർമാരും ലഹരി ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നതെന്നും കണ്ടെത്തി.

      ബസ്സുകളുടെ മരണപ്പാച്ചിലാണ് അപകടം വിളിച്ചു വരുത്തുന്നത്. റൂട്ടിലെ കെ.എസ്.ആർ.ടി.സി. മുന്നിലും പിന്നിലുമായി അതിസാഹസികമായ 'ചേസിങ്ങുകൾ' നടത്തുമ്പോൾ പൊലിയുന്നത് ഒരു തെറ്റും ചെയ്യാത്ത നിരപരാധികളുടെ ജീവനുകളാണ്. ബസ്സിൽ യാത്രക്കാർക്ക് കയറാനും ഇറങ്ങാനും പോലും സാവകാശം നൽകാതെ തിരക്ക് പിടിച്ച് പായുന്നത് മിക്കപ്പോഴും കലഹത്തിന് കാരണമായിട്ടുണ്ട്. മറ്റു ബസ്സുകളുടെ സമയം അൽപ്പം മാറിയാലും അവരുടെ മുമ്പിലെത്താനുള്ള പാച്ചിലാണ്. അതിനിടയ്ക്ക് കേട്ടാലറയ്ക്കുന്ന അസഭ്യവർഷവും പതിവാണ്. വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്രക്കാർ ബസ്സിലുള്ളപ്പോഴാണ് സംഭവം എന്നോർക്കണം. 

      പ്രൈവറ്റ് ബസ്സുകൾക്ക് നേരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്ന് കുറ്റ്യാടി - കോഴിക്കോട് റൂട്ടിലെ ബസ്സുകൾ തടയും എന്ന് മുന്നറിയിപ്പ് നൽകിയതിനാൽ ബസ്സുകൾ ഇന്ന് ഓടിയിട്ടില്ല. പ്രൈവറ്റ് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ നിർത്തലാക്കി റൂട്ട് ദേശസൽകരിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. മോട്ടോർ വെഹിക്കിൾ വിഭാഗവും പോലീസും പരിശോധന കർശനമാക്കണം. ബസ്സുകളിൽ വേഗപ്പൂട്ട് നിർബന്ധമാക്കണം. മിനിട്ടുകളുടെ വ്യത്യാസത്തിൽ പെർമിറ്റ് കൊടുക്കുന്ന നടപടി പുനഃപരിശോധിക്കണം. പ്രതിഷേധങ്ങൾ ഒടുങ്ങുമ്പോഴും ജീവൻ പൊലിഞ്ഞവരുടെ നടക്കാതെ പോയ അനേകം സ്വപ്നങ്ങളും ആശ്രിതരുടെ കണ്ണുനീരും മാത്രം ബാക്കിയാവുന്നു. അധികാരികൾ ഇനിയും കണ്ണ് തുറന്നില്ലെങ്കിൽ നമുക്ക് പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം. 

അരുണിമ പേരാമ്പ്ര
20 Jul 2025 10:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents