ഫേസ് ബുക്കില്‍ ലൈവ് നല്‍കിയതിന് കള്ളക്കേസെടുത്തെന്ന ഉള്ളിയേരി സ്വദേശിയുടെ പരാതി തള്ളി
പരാതിക്കാരന് പോലീസ് അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന് മനഷ്യാവകാശ കമ്മിഷന്‍ ജ്യുഡീഷനല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു
കൊയിലാണ്ടി: സര്‍ക്കാര്‍ ആശുപത്രിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ ലൈവ് വീഡിയോ നല്‍കിയതിന് കള്ളക്കേസെടുത്തെന്ന പരാതി മനുഷ്യാവകാശ കമ്മീഷന്‍ തെളിവുകളുടെ അഭാവത്തില്‍ തള്ളി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോകടര്‍ ഭാഗ്യ രൂപയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉള്ളിയേരി സ്വദേശി വി.എം.ഷൈജുവിനെതിരെ കേസെടുത്തത്.
പരാതിക്കാരന് പോലീസ് അന്വേഷണത്തില്‍ പരാതിയുണ്ടെങ്കില്‍ ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്ന് മനഷ്യാവകാശ കമ്മിഷന്‍ ജ്യുഡീഷനല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. പനി ബാധിച്ച മകനെ കാണിക്കാന്‍ താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു പരാതിക്കാരന്‍.
ക്യൂ തെറ്റിച്ച് രോഗികളെ ഡോക്ടറുടെ അടുത്തേക്ക് കടത്തിവിട്ട സെക്യൂരിറ്റിക്കാരന്റെ നടപടിയെയാണ് ഷൈജു ഫൈസ് ബുക്ക് ലൈവിലൂടെ ചോദ്യം ചെയ്തത്. എന്നാല്‍ പരാതിക്കാരന്‍ ഡ്യൂട്ടി റൂമിലെത്തി ജോലി തടസ്സപ്പെടുത്തുകയും ബഹളം കൂട്ടുകയും ചെയ്തതായി ജില്ല മെഡിക്കല്‍ ഓഫീസറും ജില്ല പോലീസ് മേധാവിയും കമ്മിഷനെ അറിയിച്ചു. അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തതിനാല്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് കേസ് തീര്‍പ്പാക്കിയത്.

